സംസ്ഥാനത്ത് അതിതീവ്ര മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി. വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമൻപുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ആ രീതിയിലാണ് പ്രവചനം. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലാണ് അതിതീവ്രമഴ ചെയ്യുന്നത്. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയും. എന്നാൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടൽ പ്രക്ഷുബ്ദമാകാനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. 315 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. 5936 കുടുംബങ്ങളിൽ നിന്നായി 22165 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത് വയനാട്ടിലാണ്. 9951 പേരാണ് വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. തിരുവനന്തപുരം-656,
പത്തനംതിട്ട-62, ആലപ്പുഴ-12, കോട്ടയം-114, ഇടുക്കി-799, എറണാകുളം-1575, തൃശൂർ-536, പാലക്കാട്-1700, മലപ്പുറം-4106, കോഴിക്കോട്-1653, കണ്ണൂർ-1483, കാസർഗോഡ്-18 എന്നിങ്ങനെയാണ് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here