ഹാഷിം അംല വിരമിച്ചു; ക്രിക്കറ്റ് ലോകത്തിനു ഞെട്ടൽ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ഹാഷിം അംല വിരമിച്ചു. അപ്രതീക്ഷിതമായായിരുന്നു അംല തൻ്റെ കരിയർ അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ അംല 2019 ലോകകപ്പിലാണ് അവസാനമായി കളിച്ചത്.
15 വർഷങ്ങൾ നീണ്ട കരിയറാണ് അംല ഇന്നലെ അവസാനിപ്പിച്ചത്. 124 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 46.64 ശരാശരിയിൽ 9282 റണ്‍സ് നേടിയ അംല 28 സെഞ്ചുറിയും 41 അർധ സെഞ്ചുറികളും സ്വന്തം പേരിൽ കുറിച്ചു. 311 റണ്‍സാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ. 181 ഏകദിന മത്സരങ്ങളിൽനിന്നായി 49.46 ശരാശരിയിൽ 8113 റണ്‍സും അംലയുടെ സമ്പാദ്യമാണ്. ഏകദിനത്തിൽ 27 സെഞ്ചുറികൾ അംലയുടെ പേരിലുണ്ട്. 44 ടി-20 മത്സരങ്ങളിൽ നിന്നായി 1277 റൺസുകളും അംല നേടി.
ഇടക്കാലത്ത് റൺസിൻ്റെയും സെഞ്ചുറികളുടെയും കാര്യത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലിക്ക് കടുത്ത വെല്ലുവിളിയുയർത്തിയിരുന്ന താരമാണ് അംല. കരിയർ അവസാനമായപ്പോഴേക്കും മോശം ഫോമിലായതാണ് വിനയായത്. എങ്കിലും ഏറ്റവും കുറഞ്ഞ ഇന്നിംഗ്സിൽ 25 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് അംലയുടെ പേരിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here