ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടൽ; പാല അടക്കം കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. ഇതോടെ ഈരാറ്റുപേട്ട ടൗണിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. സംഭവസ്ഥലം കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല.
ജനവാസ മേഖലയിലല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. ജില്ലയിൽ അർധരാത്രിയോടെ ശക്തമായ മഴയും കാറ്റും വ്യാപക ദുരിതമാണ് വിതയ്ക്കുന്നത്. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
മീനച്ചിലാർ കരകവിഞ്ഞതോടെ പാല കൊട്ടാരമറ്റം ഭാഗത്ത് വെള്ളം കയറി. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കോട്ടയം-കുമളി റൂട്ടിൽ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം ഉള്ളത്. കുമരകത്ത് വീടുകളിൽ വെള്ളം കയറി. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here