ശ്രീലങ്കൻ ആരാധകരോടൊപ്പം ഗ്യാലറിയിൽ കേക്കു മുറിച്ച് ജന്മദിനാഘോഷം; കെയിൻ വില്ല്യംസണെ പുകഴ്ത്തി സോഷ്യൽ മീഡിയ

വിരോധികളില്ലാത്ത ക്രിക്കറ്ററാണ് ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ. കളത്തിനകത്തും പുറത്തും കെയിൻ എടുക്കുന്ന നിലപാടുകൾ അദ്ദേഹത്തെ രാജ്യപരിധികളില്ലാതെ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്ററാക്കിയിട്ടുണ്ട്. ഇപ്പോൾ ശ്രീലങ്കൻ ആരാധകരോടൊപ്പം ഗ്യാലറിയിൽ പിറന്നാൾ ആഘോഷിച്ചു കൊണ്ട് വീണ്ടും അദ്ദേഹം വാർത്തകളിൽ ഇടം പിടിക്കുകയാണ്.
ന്യൂസിലൻഡും ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ്സും തമ്മിലുള്ള ത്രിദിന പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്നലെ ആരംഭിച്ച മത്സരം കാണാനെത്തിയ കാണികൾക്ക് വില്ല്യംസണിൻ്റെ ജന്മദിനത്തെപ്പറ്റി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു കേക്കും അവർ കരുതി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ശ്രീലങ്കൻ ഇലവനായിരുന്നു. അത് കൊണ്ടു തന്നെ കെയിൻ വില്ല്യംസൺ ഫീൽഡിംഗിനായി ഗ്രൗണ്ടിലിറങ്ങി.
കളിയുടെ ഇടവേളയ്ക്കിടെ ആരാധകർ വില്ല്യംസണെ പിറന്നാൾ കേക്ക് മുറിക്കാൻ ക്ഷണിച്ചു. ആരാധകരുടെ ക്ഷണം സ്വീകരിച്ച വില്ല്യംസൺ അവർക്കരികിലെത്തുകയും കേക്ക് മുറിച്ച് ആഘോഷം പങ്ക് വെയ്ക്കുകയുമായിരുന്നു. ചിത്രം ആഘോഷപൂർവമാണ് പങ്കു വെക്കപ്പെടുന്നത്.
മത്സരത്തിൽ ശ്രീലങ്കൻ ബോർഡ് പ്രസിഡൻ്റ് ഇലവൻ ശക്തമായ നിലയിലാണ്. ഫ്ലഡ്ലൈറ്റ് പ്രശ്നം മൂലം 66 ഓവറുകൾ മാത്രമെറിഞ്ഞ് നേരത്തെ കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 323 റൺസെടുത്തിട്ടുണ്ട്. ന്യൂസിലൻഡിനായി അജാസ് പട്ടേൽ 5 വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here