അഫ്ഗാനിസ്ഥാന് ഇന്ത്യയിൽ പുതിയ ഹോം ഗ്രൗണ്ട്

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ പുതിയ ഹോം ഗ്രൗണ്ട് പ്രഖ്യാപിച്ച് ബിസിസിഐ. ലക്നൗവിലെ ഏകാനാ സ്റ്റേഡിയമാണ് ഇനി തങ്ങളുടെ ഹോം ഗ്രൗണ്ടായി അഫ്ഗാനിസ്ഥാൻ ഉപയോഗിക്കുക. സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഇക്കാര്യത്തിൽ അനുമതി നൽകിയെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
50000 ആൾ ശേഷിയുള്ള സ്റ്റേഡിയമാണ് ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയം. 2018 ൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 മത്സരത്തിന് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നു. നേരത്തെ, ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു അഫ്ഗാനിസ്ഥാൻ്റെ ഹോം ഗ്രൗണ്ട്. അഫ്ഗാനിസ്ഥാൻ ടീമിൻ്റെ പരിശീലനവും ഈ ഗ്രൗണ്ടിലായിരുന്നു.
അഫ്ഗാനിസ്ഥാനെ മികച്ച ഒരു ക്രിക്കറ്റിംഗ് സംഘമാക്കി മാറ്റുന്നതിൽ ബിസിസിഐ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വർഷങ്ങളായി അഫ്ഗാനിസ്ഥാൻ ടീം പരിശീലനം നടത്തുന്നത് ഇന്ത്യയിലാണ്. കാബൂളിൽ ഒരു സ്റ്റേഡിയം നിർമ്മിക്കാനും ബിസിസിഐക്ക് പദ്ധതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here