നാളെ മുതൽ മഴയ്ക്ക് ശമനം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് നാളെ ശമനമുണ്ടാവുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ ജില്ലകളിൽ ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നും നാളെ സംസ്ഥാനത്താകെ മഴയ്ക്ക് ശമനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
ഉയർന്ന ജലസംഭരണ ശേഷിയുള്ള കാർമേഘങ്ങളാണ് മഴയ്ക്ക് കാരണം. ഇത് പെയ്തൊഴിഞ്ഞാൽ മഴ കുറയും. വേലിയിറക്ക സമയമായതിനാൽ മഴ കുറയുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ വെള്ളവും ഒഴുകിപ്പോകും. നിലവിൽ തെക്കൻ കേരളത്തിൽ കാറ്റ് കുറഞ്ഞു വരുന്നുണ്ട്. തെക്കൻ ജില്ലകളിൽ നിന്നും കാർമേഘങ്ങളും ഒഴിയുകയാണ്. വടക്കൻ കേരളത്തിലും മഴ മേഘങ്ങൾ കുറയുന്നു എന്നാണ് റിപ്പോർട്ട്.
മധ്യകേരളത്തിൽ മഴ തുടരുമെന്നാണ് നിലവിലെ വിവരം. മഴ മേഘങ്ങൾ മധ്യകേരളത്തിലേക്ക് എത്തുകയാണ്. എന്തായാലും അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ മഴ കുറയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here