Advertisement

പ്രളയക്കെടുതി; സൗജന്യമായി പവർ ബാങ്കുകൾ ഉണ്ടാക്കി വിതരണം ചെയ്ത് കൊച്ചിയിലെ ടെക്കികൾ

August 10, 2019
1 minute Read

പ്രളയക്കെടുതിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇരുട്ടിലാണ്. വൈദ്യുതി ബന്ധമില്ലാത്തതിനാൽ മൊബൈൽ ചാർജ് ചെയ്യാൻ സാധിക്കാതെ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് നിരവധി പേർ ഒറ്റപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒറ്റപ്പെട്ടുപോയവരെ സഹായിക്കാൻ സൗജന്യമായി പവർ ബാങ്കുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് കൊച്ചി ഇൻഫോപാർക്കിലെ ഒരുകൂട്ടം ടെക്കികൾ. രാജഗിരി കൊളേജിലെ നാൽപ്പതോളം വിദ്യാർത്ഥികളും അധ്യാപകരും കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളും സംയുക്തമായി ചേർന്നാണ് പവർ ബാങ്കുകൾ നിർമ്മിക്കുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ‘പ്രോഗ്രസീവ് ടെക്കീസ്’ സംഘടനയുടെ പ്രതിനിധി ബാഗീഷ്
ട്വന്റിഫോറിനോട് പറഞ്ഞു.

സാമൂഹ്യ പ്രവർത്തനങ്ങൾക്കായി കൊച്ചി ഇൻഫോപാർക്കിൽ രൂപീകരിച്ച സംഘടനയാണ് പ്രോഗ്രസീവ് ടെക്കീസ്. ഇവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള കളക്ഷൻ സെന്ററിന്റെ പ്രവർത്തനവും, ബ്ലഡ് ഡൊണേഷനുമെല്ലാം നടക്കുന്നത്. പ്രോഗ്രസീവ് ടെക്കീസ് തന്നെയാണ് പവർ ബാങ്ക് നിർമ്മാണത്തിന് നേതൃത്വം നൽകുന്നതും. മൂന്ന് ബാറ്ററി, ഒരു യുഎസ്ബി കേബിൾ എന്നിവ ഉപയോഗിച്ചാണ് പവർ ബാങ്ക് നിർമ്മാണം. നൂറോളം പവർ ബാങ്കുകളാണ് ഇവർ ഇത്തരത്തിൽ ഉണ്ടാക്കുന്നത്.

രക്ഷാ പ്രവർത്തനത്തിന് പോകുന്നവർക്കും ഈ പവർ ബാങ്കുകൾ നൽകാറുണ്ട്. യാത്രാമധ്യേ മൊബൈൽ ചാർജ് തീരുന്നത് മൂലം പലപ്പോഴും ആശയവിനിമയം നടക്കാതെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാകാറുണ്ട്. ഇതിനൊരു പരിഹാരം കൂടിയാണ് ഈ പവർ ബാങ്ക് നിർമ്മാണം.

ഈ പവർ ബാങ്കുകൾ കെഎസ്ആർടിസി വഴി മലപ്പുറം, വയനാട് തുടങ്ങി പ്രളയക്കെടുതി ഏറ്റവും കൂടുതൽ അനുഭവപ്പെട്ട പ്രദേശങ്ങളിലേക്ക് നൽകും. പ്രദേശത്തേക്ക് പോകുന്ന മറ്റ് സംഘടനകൾക്കും ഇത്തരം പവർ ബാങ്കുകൾ നിർമ്മിച്ച് നൽകുന്നുണ്ട്.

ഇതിന് പുറമെ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്കായി സാനിറ്ററി നാപ്ക്കിൻ, ബ്ലാങ്കറ്റുകൾ, സ്ലിപ്പർ, ബിസ്‌ക്കറ്റ്, വാട്ടർ ബോട്ടിൽ, ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ, അരി, തേങ്ങ, അടിവസ്ത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ ശേഖരിക്കുന്നുണ്ടുമുണ്ട് ഇൻഫോപാർക്കിൽ. ഇതിനായി ഇൻഫോപാർക്കിലെ എല്ലാ കെട്ടിടത്തിന് മുമ്പിലും, സൂപ്പർമാർക്കറ്റുകൾ, റെസിഡൻഷ്യൽ ഏരിയകൾ ഇവിടെയെല്ലാം പ്രോഗ്രസീവ് ടെക്കീസിന്റെ പ്രളയകാല കളക്ഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമ്പുകൾക്ക് അവശ്യവസ്തുക്കൾ നൽകാൻ താൽപ്പര്യമുള്ളവർക്ക് ഈ കളക്ഷൻ ബോക്‌സുകളിൽ നിക്ഷേപിക്കാം.

കഴിഞ്ഞ പ്രളയകാലത്തും കൊച്ചിയിലെ ഈ ടെക്കികൾ മുങ്ങിത്താഴുന്ന കേരളത്തെ കൈപിടിച്ച് കയറ്റാൻ അഹോരാത്രം പ്രയത്‌നിച്ചവരാണ്. ഇത്തവണയും അതേ ഊർജത്തോടെ അവർ രംഗത്തുണ്ട്. എന്നാൽ ഇത്തവണ തങ്ങൾക്ക് ലഭിക്കുന്ന സാധനങ്ങളുടെ അളവിൽ നന്നേ കുറവുണ്ടെന്നും കഴിയുന്ന രീതിയിൽ കളക്ഷൻ സെന്ററിലേക്ക് സാധനങ്ങൾ എത്തിക്കാൻ കൊച്ചി നിവാസികളോട് അഭ്യർത്ഥിക്കുകയാണെന്നും ബാഗീഷ് പറഞ്ഞു.

പ്രോഗ്രസീവ് ടെക്കീസുമായി ബന്ധപ്പെടേണ്ട നമ്പർ

ബാഗീഷ്- 9746604636
ഷിയാസ്- 9995143800
അനീഷ്- 9744499661

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top