ദുരിതപെയ്ത്തിന്റെ യാതനകള്‍ അറിയാതെ തിരുത്തിയാട് ദുരിതാശ്വാസ ക്യാമ്പിലെ കുരുന്ന്…

ദുരിതത്തിന്റെ പ്രഹരവും ദുരിതവും കടിച്ചമര്‍ത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കഴിയുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ ഒരു അന്തേവാസിയുണ്ട് കോഴിക്കോട് തിരുത്തിയാട് ദുരിതാശ്വാസ ക്യാമ്പില്‍.
പ്രകൃതിയുടെ താണ്ഡവം, നിലയ്ക്കാത്ത ദുരിതപ്പെയ്ത്ത്, ജീവനു വേണ്ടിയുള്ള നെട്ടോട്ടം ഇതൊക്കെയാണ് തിരുത്തിയാട് ക്യാമ്പിലുള്ളവര്‍ പിന്നിട്ടുവന്ന ദിനങ്ങള്‍.
എന്നാല്‍ ഇതൊന്നുമറിയാതെ നിഷ്‌കളങ്കമായി ഉറങ്ങുകയാണ് പതിനാലു ദിവസം മാത്രം പ്രായമുള്ള ഈ കുഞ്ഞ്. അച്ഛന്റെയും അമ്മയുടെയും ഭീതിയും കഷ്ടപ്പാടുമൊന്നും ഈ കുഞ്ഞ് അന്തേവാസി അറിഞ്ഞിട്ടില്ല.
വെള്ളം കയറിത്തുടങ്ങിയപ്പോള്‍ കുഞ്ഞുമായി വീടിനു മുകളിലത്തെ നിലയലേക്ക് കയറിയെങ്കിലും ഒരു രാത്രിക്കിപ്പുറം ഇരമ്പിയെത്തിയ പ്രളയത്തിനുമുന്നില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നില്‍ക്കാതെ കുഞ്ഞുമായി ക്യാമ്പിലേക്ക് താമസം മാറ്റുകയായിരുന്നു.
ദുഖവും ദുരിതവും ഉള്ളിലൊതുക്കി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും കാഴ്ചയാണ് ഈ മുഖം. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകമായി ഒരുക്കിയ മുറിയിലാണ് ഈ കുടുംബം. ഈ പ്രകൃതി ദുരന്തത്തിന്റെ ദുരിതം അറിയാത്ത ഇരയാണ് ഈ കുഞ്ഞ്. പുത്തന്‍ പ്രതീക്ഷയുടെ ഈ മുഖം ക്യാമ്പിലെ ഓരോത്തര്‍ക്കും ജീവിതത്തിലേക്കുള്ള ഊര്‍ജം പകരുന്ന ഒന്ന് കൂടെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here