രണ്ട് ദിവസം വെള്ളത്തിൽ കഴിഞ്ഞവർക്ക് മാത്രം സഹായം; മഹാരാഷ്ട്ര സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ

മഹാരാഷ്ട്ര ബിജെപി സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ. രണ്ട് ദിവസം പ്രളയജലത്തിൽ കഴിഞ്ഞവർക്ക് മാത്രമേ സർക്കാർ സഹായം നൽകുകയുള്ളു എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനം അതിഭീകരമായ പ്രളയം ഏറ്റുവാങ്ങിയ സന്ദർഭത്തിലാണ് പ്രളയത്തിലെ ഇരകൾക്കുള്ള സഹായം നൽകുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാരിന്റെ കുറിപ്പ് പുറത്തുവന്നത്.
ആഗസ്റ്റ് എട്ടിനാണ് ബിജെപി സർക്കാർ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ തീരമാനത്തിലൂടെ രണ്ട് ദിവസം പ്രളയത്തിൽ മുങ്ങികിടക്കുന്ന പ്രദേശത്തും മുഴുവനായി വീട് ഒലിച്ചുപോയവർക്കുമാണ് സർക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കുന്നത്.
ബിജെപി സർക്കാരിന്റെ പുതിയ പ്രളയ സഹായ മാനദണ്ഡത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ജനങ്ങൾക്കെതിരായ ക്രൂരമായ തമാശയെന്നാണ് കോൺഗ്രസ് സർക്കാർ തീരുമാനത്തെ വിശേഷിപ്പിച്ചത്. ദേവേന്ദ്ര ഫട്‌നാവിസ് സർക്കാർ പുതിയ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here