ട്രാക്കിൽ മരങ്ങളും മണ്ണിടിച്ചിലും; കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

തുടരുന്ന മഴയിൽ കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിയതായി സതേൺ റെയിൽവേയുടെ അറിയിപ്പ്. മഴയത്ത് ട്രാക്കിലേക്ക് മരങ്ങൾ വീണു കിടക്കുന്നതും മണ്ണിടിച്ചിലുണ്ടാവുന്നതും കണക്കിലെടുത്താണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിട്ട് ഭാഗികമായി ട്രെയിൻ ഗതാഗതം നടത്തിയിരുന്നു. ഇന്ന് അത് പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ദീർഘദൂര സർവീസുകളും ലോക്കൽ ട്രെയിനുകളുമെല്ലാം റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി. തമിഴ്നാട്-തിരുവനതപുരം സ്പെഷ്യൽ സർവീസ് മാത്രമാണ് നിലവിലുള്ളത്. ബക്രീദ് പ്രമാണിച്ച് ഒട്ടേറെ ആളുകൾ കേരളത്തിലേക്ക് വരുന്നതു പ്രമാണിച്ച് ഏർപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ ട്രെയിനുകളാണിത്.
ട്രെയിൻ ഗതാഗതം നിലച്ചതോടെ ബക്രീദുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് വരുന്ന ഒട്ടേറെ ആളുകളാണ് പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. മലബാർ മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. എങ്കിലും ഇന്ന് ഉച്ചയോടെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നതാണ് ആശ്വാസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here