54 ദിവസം പ്രായമുളള കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് പ്രജിത അതിജീവിച്ചത് മഹാദുരന്തത്തെ…

ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ വയനാട്ടില്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് കരുതുന്നിടത്ത് നിന്ന് മനോധൈര്യം കൊണ്ട് നീന്തിക്കയറിയ ചിലര്‍ വല്ലാത്ത ആത്മവിശ്വാസം നല്‍കും നമ്മള്‍ക്ക്. 54 ദിവസം പ്രായമുളള ഒരു കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മരണത്തെ തോല്പിച്ചോടിയ പ്രജിതയുടെ ജീവിതം അതിജീവനകഥകളിലെ പ്രതീക്ഷയുടെ ചെറുവെട്ടമാണ്.
പേരിട്ടിട്ടില്ലിവന്…ജനിച്ച് വീണിട്ടിത് 54ാം ദിവസം മാത്രമേ ആകുന്നുള്ളു. കേരളത്തെ നടുക്കിയ ഈ രണ്ടാം പ്രളയകാലത്തിലെ ഒരു ഹീറോയാണിവന്‍. നാടിനെ നടുക്കിയ ദുരന്തത്തില്‍ നിന്ന് മാറോട് ചേര്‍ത്ത അമ്മക്കൊപ്പം ജീവനും കൊണ്ടോടുമ്പോളും പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയ മാമന്റെ കയ്യിലെത്തിയപ്പോഴും അനുസരണയോടെ ശരീരത്തോട് ചേര്‍ന്ന് നിന്നവന്‍. പ്രജിതയ്ക്ക് വേദനായാണാദിനം. ഓര്‍ക്കാന്‍ പേടിയും.
പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത ക്ഷേത്രത്തിന് തൊട്ടുപുറകിലാണ് പ്രജീതയുടെ വീട്. വന്‍ അപകടത്തെ ആദ്യം കണ്ട ചുരുക്കം പേരില്‍ ഒരാള്‍. അച്ചനും അമ്മയും മുത്തശ്ശിയും ഇന്നും ദുരിതാശ്വാസ ക്യാമ്പിലാണ്. ഉടനെ ഇവന് പേരിടും എന്ത് പേരിട്ടാലും ഈ കഥയറിയുന്നവര്‍ ഇവനെ ഓര്‍ക്കും അതിജീവിച്ചവനെന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here