ജമ്മു കാശ്മീരിലെ ഈദ് സമാധാനപരം; ശ്രീനഗറില്‍ ഭാഗീകമായി പിന്‍വലിച്ച നിയന്ത്രണങ്ങള്‍ ഉച്ചയ്ക്ക് ശേഷം പുനസ്ഥാപിച്ചു

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദു ചെയ്തതിനു ശേഷമുള്ള ആദ്യ ഈദ് സമാധാനപരം. ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ചായിരുന്നു വിശ്വാസികളുടെ ഈദ് നമസ്‌കാരം. ഈ ആഴ്ച അവസാനം ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിലെത്തും.
ദിവസങ്ങളായി തുടരുന്ന കനത്ത സുരക്ഷ സംവിധാനത്തിന്റെ അകമ്പടിയോടു കൂടിയാണ് ജമ്മു കാശ്മീരില്‍ ഈദ് ആഘോഷങ്ങള്‍ നടന്നത്. ഗവര്‍ണര്‍ സത്യാപാല്‍ മാലിക് എല്ലാ ജനങ്ങള്‍ക്കും ഈദ് ആശംസ അറിയിച്ചു. കശ്മീരില്‍ സമാധാനവും ശാന്തിയും വികസനവും യാഥാര്‍ത്ഥ്യമാകുന്ന ദിവസങ്ങള്‍ക്ക് ഈ ഈദ് മുതല്‍ തുടക്കമാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ആരാധനയെ ബാധിക്കാത്ത വിധം ശ്രീനഗറിലെ ലാല്‍ഷോക്കിലടക്കം ഇന്നും കനത്ത സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നിയന്ത്രണങ്ങളോടെയുള്ള നമസ്‌കാരമാണ് എല്ലാ മസ്ജിദുകളിലും നടന്നത്. എന്നാല്‍ സമൂഹ ഈദ് നമസ്‌കാരം ഇക്കുറി പള്ളികളില്‍ ഉണ്ടായിരുന്നില്ല.
അതേ സമയം ബലിപ്പെരുന്നാള്‍ പ്രമാണിച്ച് ശ്രീനഗറില്‍ പട്ടണത്തില്‍ ഭാഗീകമായി പിന്‍വലിച്ച നിയന്ത്രണങ്ങള്‍ ഉച്ചയ്ക്ക് ശേഷം പുനസ്ഥാപിച്ചു. ജനങ്ങളോട് വീടുകളില്‍ നിന്ന് തെരുവിലേക്ക് മടങ്ങാനും കടകളടയ്ക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here