പ്രളയക്കെടുതിയിൽ അതിജീവനത്തിന്റെ ബലിപെരുന്നാൾ

ഇന്ന് ബലിപെരുന്നാൾ. പ്രളയക്കെടുതിയിൽ ലക്ഷങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ആഘോഷങ്ങളില്ലാതെയാണ് ബലിപെരുന്നാൾ കടന്നുപോകുന്നത്. മലബാറിലെ ഭൂരിഭാഗം പേരും ഇത്തവണത്തെ പെരുന്നാളിന് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ആഘോഷമൊഴിവാക്കി അതിജീവത്തിനായി കൈകോർക്കുകയാണ് പെരുന്നാൾ ദിനത്തിൽ മലയാളികൾ.
വടക്കൻ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായതിനാൽ പെരുന്നാൾ നമസ്‌കാരത്തിനായി സംയുക്ത ഈദ് ഗാഹുകൾ ഉണ്ടായിരുന്നില്ല. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു നമസ്‌കാരം. ചില പള്ളികളിൽ വെള്ളം കയറിയതിനാൽ നമസ്‌കാരത്തിനായി ബദൽ സൗകര്യവും ഒരുക്കിയിരുന്നു.
ആഘോഷങ്ങൾക്ക് പകരം പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് പരമാവധി സഹായം നൽകാനാണ് മതപണ്ഡിതർ പെരുന്നാൾ സന്ദേശത്തിൽ ഊന്നൽ നൽകിയത്. യാത്രകളും വിനോദങ്ങളും മാറ്റിവച്ച് ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തണമെന്നും സഹായമെത്തിക്കണമെന്നും പണ്ഡിതർ പെരുന്നാൾ സന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയതു. പല പള്ളികളിലും നമസ്‌കാരത്തിനെത്തിയ ദുരിത ബാധിതർക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ നൽകി. കോഴിക്കോട്, മാവൂർ റോഡ് മർക്കസ് പള്ളിയിൽ നമസ്‌കാരത്തിന് സലീം സഖാഫി കൈമ്പാലം നേതൃത്ത്വം നൽകി.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നൽകി. സന്തോഷിക്കാൻ ഒട്ടും വകയില്ലാത്ത സമയമാണിതെന്ന് മൗലവി പറഞ്ഞു. ദുരിതത്തിൽ നിരാശരവേണ്ടെന്നും പ്രതീക്ഷയോടെ മുന്നോട്ട് പോകാനാണ് സാധ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലയാളി അനുഭവിക്കുന്നത് പടച്ചവന്റെ പരീക്ഷണമാണ്. പ്രകൃതിയെ ചൂഷണം ചെയ്യാൻ പാടില്ല. പരിസ്ഥിതിയെ മാനിക്കണം. പരിസ്ഥിതിയെ ആദരിച്ചുകൊണ്ടും മാനിച്ചുകൊണ്ടും മുന്നോട്ട് പോകണം. പരിസ്ഥിതിയെ മലിനമാക്കരുത്. ഭൂമിയെ സംരക്ഷിക്കണം, ഭൂമി മാതാവാണ്. പ്രകൃതി ദുരന്തം നമ്മളോട് പറയുന്നത് പ്രകൃതിയെ ചൂഷണം ചെയ്യരുതെന്നും മൗലവി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here