Advertisement

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

August 13, 2019
Google News 2 minutes Read

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് പരിഗണിച്ചും സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വയനാട്‌,എറണാകുളം,തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ,കോട്ടയം,ആലപ്പുഴ,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ആഗസ്റ്റ് 14 ) അവധി പ്രഖ്യാപിച്ചു. കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കുമെന്നും ട്യൂഷൻ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ പാടുള്ളതല്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ടും നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടിയായാണ് അവധി നൽകുന്നതെന്നും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എറണാകുളം ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 13 ) ചൊവ്വാഴ്ച്ച അതിതീവ്ര (204.5 mm വരെ) മഴയ്‌ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

അവധി ആഘോഷമാക്കാൻ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

IMD നൽകുന്ന അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടിമാത്രമാണ് അവധി . നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല . മുന്നൊരുക്കങ്ങൾ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണ് .

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

#ശ്രദ്ധിക്കുക #അവധി_ആഘോഷമാക്കരുത്
#Collector #Ernakulam
#Holiday #Return _a _kit #Letshelp #Safe_Ernakulam

 


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here