നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐക്ക് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതിയായ എസ്‌ഐ കെ എ സാബുവിന് ജാമ്യം. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ മർദിച്ചെന്ന് രാജ്കുമാർ പറഞ്ഞിട്ടില്ലെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടുണ്ടെന്നും കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ചില കണ്ണികൾ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരിൽ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തവണ എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർപ്പിച്ച ജയിൽ, ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here