നെയ്മർ റയലിലേക്ക് പോയാൽ അത് ചതിയായി കണക്കാക്കാനാവില്ലെന്ന് റിവാൾഡോ

ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മറുടെ ട്രാൻസ്ഫർ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ചൂടൻ വാർത്ത. നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുമെന്ന് ചില റിപ്പോർട്ടുകൾ ഉയരുന്നതിനിടെ റയൽ ഈ ഡീലിനു തുരങ്കം വെക്കുകയാണെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. അതേ സമയം, വിഷയത്തിൽ ശ്രദ്ധേയ പ്രതികരണവുമായി മുൻ ബ്രസീൽ താരം റിവാൾഡോ രംഗത്തു വന്നിരിക്കുകയാണ്.
നെയ്മർ തിരികെ ബാഴ്സയിലെത്തേണ്ടയാളാണെന്നായിരുന്നു റിവാൾഡോയുടെ അഭിപ്രായം. എന്നാൽ നെയ്മർ റയലിലേക്കാണ് പോകുന്നതെങ്കിൽ അത് ചതിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്മർ വളരെ മികച്ച ഒരു കളിക്കാരനാണെന്നും ഏത് ക്ലബിൽ പോകണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.
നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ ഉറപ്പായിരിക്കെയാണ് റയൽ മാഡ്രിഡ് ഡീലിനു തുരങ്കം വെക്കാൻ എത്തിയത്. റയലിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ വിനീഷ്യസ് ജൂനിയറെ പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ റയൽ നടത്തുന്നത്.
വിനീഷ്യസിനെ പരിശീലകൻ സിനദിൻ സിദാന് അത്ര താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ക്ലബ് പ്രസിഡൻ്റ് പെരസ് ഇക്കാര്യത്തിൽ സിദാനെ പിന്തുണയ്ക്കുന്നുമുണ്ട്. പിഎസ്ജി ഡയറക്ടർ ലിയനാർഡോ വിനീഷ്യസിനെ ഏറെ ഇഷ്ടപ്പെടുന്ന ആളായതു കൊണ്ട് തന്നെ ഈ ഡീൽ നടക്കുമെന്നാണ് പെരസിൻ്റെ പ്രതീക്ഷ.
ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോ, ക്രൊയേഷ്യൻ താരം ഇവാൻ റാക്കിറ്റിച്ച് എന്നിവർക്കൊപ്പം 112 മില്ല്യൺ യൂറോ കൂടി പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. ഈ ഡീലിനെയാണ് റയൽ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here