“ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തും പിന്നെ ബാഴ്സലോണയിൽ ഊബർ ഡ്രൈവർ”; ഫഹദ് ഫാസിൽ

പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുമെന്നും ശേഷം ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്നും നടൻ ഫഹദ് ഫാസിൽ. ആളുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലെ സന്തോഷം വളരെ വലുതാണെന്നും, മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുന്നത് മനോഹരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [Fahadh Faasil]
ഒരു അഭിമുഖത്തിൽ ബാഴ്സലോണയിലെ ഊബർ ജോലിയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി. കുറച്ച് മാസങ്ങൾക്ക് മുൻപ് താനും നസ്രിയയും ബാഴ്സലോണയിലുണ്ടായിരുന്നെന്നും, ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ മാത്രമേ താൻ അങ്ങനെയൊരു ജോലിയെ പറ്റി ചിന്തിക്കുകയൊള്ളു എന്നും അദ്ദേഹം പറഞ്ഞു. “തമാശയെല്ലാം മാറ്റിവെച്ച് പറയുകയാണെങ്കിൽ ഒരാളെ ഒരിടത്ത് നിന്ന് അവർക്ക് എത്തേണ്ടിടത്ത് എത്തിച്ചുനൽകുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുക എന്നത് മനോഹരമായ കാര്യമാണ്,” ഫഹദ് വ്യക്തമാക്കി.
Read Also: ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
അവസരം കിട്ടുമ്പോഴെല്ലാം താൻ ഇപ്പോഴും വണ്ടി ഓടിക്കാറുണ്ടെന്നും, ഡ്രൈവിങ് തനിക്ക് ഏറെ ഇഷ്ടമുള്ളതും ആസ്വദിക്കുന്നതുമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് തനിക്കായി കണ്ടെത്തുന്ന സമയം കൂടിയാണെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഡ്രൈവിങ് മാത്രമല്ല, ഗെയിമുകൾ, സ്പോർട്സ്, ടിവി കാണൽ തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നത് ചിന്താഗതിയെയും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയേയും സ്വാധീനിക്കുമെന്നും ഫഹദ് അഭിപ്രായപ്പെട്ടു.
ഒരു ഊബർ ഡ്രൈവറാകുന്നതിനേക്കാൾ കൂടുതൽ താൻ ആസ്വദിക്കുന്ന മറ്റൊരു കാര്യവുമില്ലെന്ന് ഫഹദ് മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു വിരമിക്കൽ പദ്ധതിയായി ബാഴ്സലോണയിലേക്ക് താമസം മാറി സ്പെയിനിലുടനീളം ആളുകളെ ടാക്സിയിൽ കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറയാറുണ്ടെന്നും, അവർക്കും ഈ പദ്ധതി വളരെ ഇഷ്ടമാണെന്നും അന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു.
വടിവേലുവിനൊപ്പം ഫഹദ് അഭിനയിച്ച തമിഴ് ചിത്രം ‘മാരീസൻ’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉലകനായകൻ കമൽഹാസൻ വരെ ‘മാരീസൻ’ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മാരീസൻ’ എന്നാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്. കൂടാതെ ഫഹദിന്റേതായി മലയാളത്തിൽ ‘ഓടും കുതിര ചാടും കുതിര’, ‘കരാട്ടെ ചന്ദ്രൻ’, ‘പാട്രിയോട്ട്’ എന്നീ സിനിമകളും തെലുങ്കിൽ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രവും അണിയറയിലുണ്ട്.
Story Highlights : If people get tired of me, I’ll stop acting and become an Uber driver in Barcelona”; Fahadh Faasil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here