‘ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ’; ജനപ്പെരുപ്പം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ജനപ്പെരുപ്പം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര്യദിന സന്ദേശത്തിൽ. ജനപ്പെരുപ്പം രാജ്യം നേരിടുന്ന പ്രശ്നമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ. ജനപ്പെരുപ്പ നിയന്ത്രണം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജനപ്പെരുപ്പം നിയന്ത്രിക്കുക തന്നെ വേണമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് ഇന്ത്യ എത്തിയെന്നും പ്രധാനമന്ത്രി. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തിയ മാന് വേഴ്സസ് വൈല്ഡ് പരിപാടി സംപ്രക്ഷേണം ചെയ്തു
മുത്തലാഖ് നിയമം കൊണ്ട് വന്നത് മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ തലയ്ക്ക് മുകളിൽ വാളായി നിന്നിരുന്നു. മുത്തലാഖ് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ അന്തസ് ഉയർത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്രദിന പ്രസംഗത്തിൽ കശ്മീർ വിഷയവും പ്രധാനമന്ത്രി പരാമർശിച്ചു. അനുച്ഛേദം 370 ഭേദഗതി ചെയ്തത് സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിൽ കശ്മീരിന്റെ വികസനവും അത്യന്താപേക്ഷിതമാണ്. കശ്മീരിന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ ചിറക് മുളച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here