മധ്യപ്രദേശിൽ പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമം; അമ്മയും മകളും കനാലില്‍ വീണുമരിച്ചു

പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കലുങ്ക് തകര്‍ന്ന് അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിൽ വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം നടന്നത്. മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍ ഡി ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന കലുങ്ക് തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. അമ്മയും മകളും വെള്ളത്തില്‍ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പോലീസും പരിശ്രമിച്ചിട്ടും ഇവരെ ജീവനോടെ രക്ഷിക്കാനായില്ല.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ 39 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പല്‍, പാര്‍വതി എന്നി നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രളയം ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here