‘കഴിഞ്ഞ വർഷം ഞങ്ങളോടൊപ്പം ബാലുച്ചേട്ടൻ ഉണ്ടായിരുന്നു’; ബാലഭാസ്കറിന്റെ ഓർമ്മകളിൽ സുഹൃത്തുക്കൾ

കേരളത്തിൽ മഴക്കെടുതി തുടരുകയാണ്. അതിലുപരി കേരളം ഒറ്റക്കെട്ടായി അതിനെയൊക്കെ ചെറുക്കുകയും ചെയ്യുന്നുണ്ട്. കയ്യും മെയ്യും മറന്ന് ആളുകൾ സഹായവുമായി എത്തുകയാണ്. റിലീഫ് ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനൊപ്പം വീട് വെക്കാൻ സ്ഥലം നൽകിയും വിവാഹത്തിന് സൗകര്യങ്ങൾ നൽകിയും പലരും മാനവികതയിൽ പങ്ക് ചേരുന്നു. ഇതിനിടെ, അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിൻ്റെ ശൂന്യത വേദനയോടെ സുഹൃത്തുക്കൾ ഓർക്കുകയാണ്.
കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ബാലഭാസ്കർ. ഇക്കൊല്ലം അതിനു ബാലഭാസ്കർ ഇല്ലെന്ന വേദനയാണ് അവർ പങ്കു വെച്ചത്. ‘ഈറ്റ് അറ്റ് ട്രിവാൻഡ്രം’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ബാലഭാസ്കറിനെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
“കഴിഞ്ഞ വർഷം, ഇതേസമയം ഞങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു, അരവിന്ദ് ചേട്ടൻ വഴി ഈ മനുഷ്യനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഈ വർഷം, അദ്ദേഹം ഞങ്ങൾക്കൊപ്പം ഇല്ല. എന്നാൽ നമുക്ക് അദ്ദേഹത്തെ നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ച് ഈ വർഷം കൂടുതൽ മുന്നോട്ട് പോകാം.”- ഈ വാചകങ്ങളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 26ന് തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അദ്ദേഹത്തിൻ്റെ ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു.
കഴിഞ്ഞ(2018) ഒക്ടോബർ രണ്ടിനാണ് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്കർ ഒരാഴ്ചയിലേറെയായി ചികിത്സയിൽ കഴിഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here