ഇൻസ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താൻ ഫ്‌ളാഗിംഗ് ഫീച്ചർ വരുന്നു

ഇൻസ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താൻ ഫ്‌ളാഗിംഗ് ഫീച്ചർ വരുന്നു. തെറ്റിധരിപ്പിക്കുന്നത് എന്ന് തോന്നുന്ന പോസ്റ്റുകൾ ഫ്‌ളാഗ് ചെയ്യാൻ ഇതോടെ ഉപഭോക്താക്കൾക്കാകും. നിലവിൽ യുഎസിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകുകയുള്ളു.
വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇൻസ്റ്റാഗ്രാം പോസ്റ്റിൻറെ വലതുഭാഗത്ത് മുകളിലുള്ള മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. it’s inappropriate എന്ന് സെലക്ട് ചെയ്ത ശേഷം അതിൽ നിന്ന് false information എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ വളരെ ലളിതമായി വ്യാജ വാർത്തകൾ ഉപേഭാക്താക്കൾക്ക് ചൂണ്ടിക്കാട്ടാം.
വ്യാജ വാർത്തകൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് നേരത്തെ ഫാക്ട് ചെക്ക് സംവിധാനവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിലവിൽ ഇൻസ്റ്റഗ്രാമും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് പോലെ വ്യാജ വാർത്ത പങ്കുവെക്കുമ്പോൾ അതെ കുറിച്ച് ഉപഭോക്താവിന് നോട്ടിഫിക്കേഷൻ നൽകില്ല ഇൻസ്റ്റഗ്രാം.
ഈ വർഷം ഒട്ടനവധി പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. അപകടകരമായ ഉള്ളടക്കങ്ങൾ മറയ്ക്കുന്ന സെൻസിറ്റീവ് സ്‌ക്രീൻ എന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം ഈ വർഷം ആദ്യം അവതരിപ്പിച്ചത്. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.
ഇൻസ്റ്റാഗ്രാം സെർച്ച്, റെക്കമെന്റേഷൻ, ഹാഷ്ടാഗ് എന്നിവയിൽ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേൽപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ സെൻസിറ്റീവ് സ്‌ക്രീൻ ഉപയോഗിച്ച് മറയ്ക്കുക.
ഇൻസ്റ്റഗ്രാമിലൂടെ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഈ വർഷം തന്നെ ലഭ്യമാക്കുമെന്ന് കമ്പനി മാർച്ചിൽ അറിയിച്ചിരുന്നു. നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫെയ്സ്ബുക്ക് ഇതിലൂടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here