മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുപിഐ വഴിയാണോ പണം അയക്കുന്നത് ? എങ്കിൽ വ്യാജനാൽ കബിളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക !

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജൻ രംഗത്ത്. യുപിഐ വഴി പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അക്കൗണ്ട് ഐഡി സൃഷ്ടിച്ചാണ് തട്ടിപ്പ്.
യുപിഐ വഴി പണം അയക്കുന്നവരെ ലക്ഷ്യംവച്ചാണ് തട്ടിപ്പ് നടക്കുന്നത്. കേരളസിഎംഡിആർഎഫ്@എസ്ബിഐ എന്ന ഒറിജിനൽ അക്കൗണ്ടിന് സമാനമായി കെരേളസിഎംഡിആർഎഫ്@എസ്ബിഐ എന്ന യുപിഐ ആണ് തട്ടിപ്പിനായി സൃഷ്ടിച്ചിരിക്കുന്നത്.
kerala എന്ന ഇംഗ്ലീഷ് വാക്കിലെ ‘a’ എന്ന അക്ഷരത്തിന് പകരം ‘e’ എന്ന അക്ഷരമാണ് വ്യാജ ഐഡിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് രണ്ട് ഐഡികളും തമ്മിലുള്ള വ്യത്യാസവും.
രാജസ്ഥാനിൽ എൻസിഇാർടിയുടെ റിസേർച്ച് ഫെലോ ആയി ജോലി ചെയ്യുന്ന മലയാളി അഭിജിത്ത് പാലൂരാണ് തട്ടിപ്പ് ചൂണ്ടിക്കാട്ടുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്‌ക്രീൻഷോട്ട് സഹിതം അഭിജിത്ത് ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇരു ഐഡികളും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത് എന്നതുകൊണ്ട് തന്നെ തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകരുതെന്നും അത് വകമാറ്റി ചിലവഴിക്കുമെന്നുമുള്ള ദുഷ്പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരം തട്ടിപ്പ് ശ്രമം നടക്കുന്നത്. നാടിനെ തകർക്കുന്ന ഇത്തരം പചരണങ്ങൾക്ക് കാത് കൊടുക്കേണ്ട. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി നമ്മുടെ നാടിനെ പ്രളയക്കെടുതിയിൽ നിന്നും കൈപിടിച്ചു കയറ്റേണ്ട ഉത്തരവാദിത്തം നമുക്കുമുണ്ട്. യുപിഐ വഴിയാണ് പണം അയക്കുന്നതെങ്കിൽ യുപിഐ ഐഡി ശ്രദ്ധിക്കണമെന്ന് മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here