സൊമാറ്റോ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചിട്ടുണ്ടോ ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഇനി നിമിഷങ്ങൾക്കുള്ളിൽ കാലിയാകാം ! ഇത് തട്ടിപ്പിന്റെ മറ്റൊരു മുഖം

മനുഷ്യത്വപരമായ നിലപാടുകൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ കയ്യടികൾ നേടിയ ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആപ്ലിക്കേഷനാണ് സൊമാറ്റോ. എന്നാൽ അടുത്തിടെ ആപ്ലിക്കേഷന് വില്ലനായി വ്യാജ കസ്റ്റമർ കെയർ നമ്പർ ഉണ്ടാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തിയെടുക്കുകയാണ് മോഷ്ടാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് സൊമാറ്റോ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗൂഗിളിൽ തെരഞ്ഞപ്പോൾ ലഭിച്ച സൊമാറ്റോയുടെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച ബംഗലൂരുവിലെ യുവതിയുടെ ബാങ്ക് അക്കൗണ്ട് കാലിയായത് മിനിറ്റുകൾക്കുള്ളിലാണ്. ഓർഡർ ചെയ്ത ഭക്ഷണത്തിൽ അതൃപ്തി തോന്നിയ യുവതി ഗൂഗിളിൽ നിന്നും ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.
Read Also : ബീഫും പോർക്കും വിതരണം ചെയ്യില്ലെന്ന് ഡെലിവറി ബോയ്സ്; സൊമാറ്റോയിൽ വീണ്ടും വിവാദം
9134425406 എന്ന നമ്പറിലേക്കാണ് യുവതി വിളിച്ചത്. 24 മണിക്കൂറിനകം ഗൂഗിൾ പേയിലൂടെ റീഫണ്ട് ലഭിക്കുമെന്നായിരുന്നു മറുവശത്ത് നിന്നും ലഭിച്ച വാഗ്ദാനം. അവരുടെ നിർദ്ദേശ പ്രകാരം ‘എനി ഡെസ്‌ക്ക്’ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്ത് അവർ പറഞ്ഞതുപോലെ പ്രവർത്തിച്ചു. പിന്നീടാണ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 17,286 രൂപ നഷ്ടപ്പെട്ടത്.
സൊമാറ്റോയ്ക്ക് കസ്റ്റമർ കെയർ നമ്പർ ഇല്ലെന്നും കസ്റ്റമർ കെയറിലേക്ക് വിളിക്കാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കസ്റ്റമർ കെയറുമായി ചാറ്റ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളു.
ചെന്നൈയിലെ ഒരു വ്യക്തിക്കും സമാന അനുഭവമുണ്ടായി. സൊമാറ്റോ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് എന്ന പേരിൽ സംസാരിച്ച വ്യക്തി ഉപഭോക്താവിനോട് യുപിഐ, പാസ്വേഡ്, മറ്റ് ബാങ്ക് വിവരങ്ങളെല്ലാം ചോദിച്ചതോടെ സംശയം തോന്നിയ ചെന്നൈ സ്വദേശി തെറ്റായ നമ്പറുകളാണ് നൽകിയത്. തെറ്റായ പിൻ നമ്പർ നൽകിയിരിക്കുന്നതുകൊണ്ട് തന്നെ ‘ഫെയിൽഡ് ട്രൻസാക്ഷൻ’ എന്ന മെസ്സേജ് വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here