ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; സിപിഐഎം പ്രാദേശിക നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ ചേർത്തലയിൽ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഐഎം പ്രാദേശിക നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചേർത്തല തഹസിൽദാർ നൽകിയ പരാതിയിൽ അർത്തുങ്കൽ പോലീസാണ് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ കേസെടുത്തത്. നേരത്തെ ഓമനക്കുട്ടനെ പാർട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ പാർട്ടി പ്രവർത്തകനും ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു.
ക്യാമ്പിലെ അനധികൃത പണപ്പിരിവിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്തിയാണ് കുറുപ്പൻ കുളങ്ങര ലോക്കൽകമ്മറ്റി അംഗം കൂടിയായ ഓമനക്കുട്ടനെതിരെ കേസെടുത്തത്. ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന് വാടക നൽകാനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയത്. എന്നാൽ പണപ്പിരിവ് നടത്താൻ ഓമനക്കുട്ടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലായിരുന്നു ചേർത്തല തഹസിൽദാർ പറഞ്ഞു.
തുടർന്ന് ഓമനക്കുട്ടനെതിരെ തഹസിൽദാർ ചേർത്തല ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ ഓമനക്കുട്ടൻ പിരിവെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രി ജി സുധാകരൻ ക്യാമ്പിൽ എത്തി. ഉദ്ദ്യോഗസ്ഥ വീഴ്ച്ചയിൽ വില്ലേജ് ഓഫീസറെ മന്ത്രി ശകാരിച്ചു. ഓമനക്കുട്ടനും ഉദ്ദ്യോഗസ്ഥരും തെറ്റ് ചെയ്‌തെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രിയുടെ പറഞ്ഞു.
Read Also : കൃത്രിമ കാലിലും തന്നാലാവും വിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ശ്യാമിന്റെ ചെലവ് സർക്കാർ ഏറ്റെടുത്തു
തൊട്ടുപിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാസെക്രട്ടറി ഓമനക്കുട്ടനെ പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെളിച്ചമില്ലാത്ത ക്യാമ്പിലേക്ക് തൊട്ടടുത്ത വീട്ടിൽനിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയിൽനിന്ന് സാധനങ്ങൾ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.
വെള്ളവും വെളിച്ചവും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഉദ്യോഗസ്ഥർ ഒരുക്കിയില്ലെന്ന് ക്യാമ്പ് അംഗങ്ങൾ കുറ്റപ്പെടുത്തി. ഏതായാലും ദുരിതാശ്വാസ ക്യാമ്പിലെ പ്രാദേശിക നേതാവിന്റെ പണപ്പിരിവിന്റെ പേരിൽ പുലിവാല് പിടിച്ച സിപിഐഎമ്മും സർക്കാരും ഉദ്ദ്യോഗസ്ഥ തലത്തിലെ വീഴ്ച്ചകൾക്ക് നടപടിയെടുക്കാത്തതും വരും ദിവസങ്ങളിൽ ചർച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here