ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ച് യുഎഇ

യുഎഇയില്‍ വര്‍ണാഭമായ പരിപാടികളോടെ ഇന്ത്യയുടെ 73-ാം മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 8 മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍
നവ് ദീപ് സിങ് സുരി അബുദബി ഇന്ത്യന്‍ എംബസ്സിയില്‍ ദേശീയപതാകയുയര്ത്തിതോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.ദുബായില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു പ്രഫഷനലുകള്‍, തൊഴിലാളികള്‍ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പേരാണ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്. ഗാന്ധിജിയുടെ 150ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ പ്രതിമ അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധവും സൗഹൃദവും പൂര്‍വാധികം ശക്തിയിലാണെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഊഷ്മളമായ സൗഹൃദമാണ് ഇതിനു കാരണമെന്നും ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സുരി പറഞ്ഞു. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി വിവിധ നൃത്ത കലാ പരിപാടികളും നടന്നു. പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് പ്രവാസി ഇന്ത്യക്കാരും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here