കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അഞ്ചു ജില്ലകളിലെ 2ജി ഇന്റർനെറ്റും ലാൻഡ് ഫോൺ സേവനങ്ങളും പുനസ്ഥാപിച്ചു

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സർക്കാർ. അഞ്ചു ജില്ലകളിലെ 2ജി ഇന്റർനെറ്റ് സേവനങ്ങളും ലാൻഡ്ഫോണ് സേവനങ്ങളും സർക്കാർ പുനസ്ഥാപിച്ചു. ജമ്മു, റിയാസി, സാംബ, കത്വ, ഉദംപുർ ജില്ലകളിലാണ് ഇളവ് വരുത്തിയത്.
നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ഫോൺ വിളിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.കാത്തിരുന്ന് അവസരം കിട്ടിയാലും മിനിട്ടുകൾ കൊണ്ട് അതൊക്കെ സംസാരിച്ചു തീർക്കുകയും വേണ്ടിയിരുന്നു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതോടെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കശ്മീരികൾ കഴിഞ്ഞിരുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമായിരുന്നു അവർക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംവദിക്കാൻ സാധിച്ചിരുന്നത്.
ഓഗസ്റ്റ് അഞ്ചു മുതലാണ് കശ്മീരിൽ ഇത്തരം നിയന്ത്രണങ്ങൾ ആരംഭിച്ചത്. കശ്മീർ വിഭജനത്തോടൊപ്പം പ്രത്യേക പദവി എടുത്തുകളഞ്ഞതും ഇത്തരം നിയന്ത്രണങ്ങളുടെ ചുവടുപിടിച്ചായിരുന്നു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതിനു പിന്നാലെ വാർത്താ ചാനലുകൾക്കും കശ്മീരിൽ നിയന്ത്രണമുണ്ട്. കശ്മീരിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് ബിസിസി അറിയിച്ചിരുന്നു. കശ്മീരിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ തള്ളി അവർ ചില റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതൊക്കെ വ്യാജമാണെന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ ബിബിസി നിഷേധിക്കുകയും ചെയ്തിരുന്നു. ബിബിസിക്കൊപ്പം റോയിട്ടേഴ്സ്, അൽ ജസീറ എന്നീ മാധ്യമങ്ങളും കേന്ദ്ര സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here