എകെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല മേൽശാന്തിയായി എകെ സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരൂർ സ്വദേശിയാണ് ഇദ്ദേഹം. മാളികപ്പുറം മേൽശാന്തിയായി എംഎസ് പരമേശ്വരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് അദ്ദേഹം.
അരീക്കര മനയിൽ നിന്നുള്ളയാളാണ് സുധീർ നമ്പൂതിരി. തിരൂരിലെ തിരുനാവായയാണ് ഇദ്ദേഹത്തിൻ്റെ സ്വദേശം. പരമേശ്വരൻ നമ്പൂതിരിയാവട്ടെ ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ നിന്നുള്ളയാളാണ്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമപട്ടികയിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടി മാധവ് കെ വർമയാണ് നറുക്കെടുത്തത്.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച് ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, അംഗങ്ങളായ കെപി ശങ്കരദാസ്, ഡി വിജയകുമാർ എന്നിവരും നറുക്കെടുപ്പിൽ സന്നിഹിതരായിരുന്നു.
ഇത്തവണ വളരെ നേരത്തെയാണ് മേൽശാന്തി തെരഞ്ഞെടുപ്പ് നടന്നത്. ഒരു മാസത്തോളം മേൽശാന്തിമാർക്ക് ശബരിമലയിലും മാളികപ്പുറത്തുമായി പരിശീലനം നടത്തും. കന്നി മാസം ഒന്നു മുതൽ 31 വരെ മേൽശാന്തിമാർ ഇവിടെ ഭജന ഇരിക്കും. ഇതിനു വേണ്ടിയായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയത്. വൃശ്ചിക മാസത്തിലാവും ഇവരുടെ സ്ഥാനാരോഹണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here