കുട്ടീഞ്ഞോ ലോണിൽ ബയേണിലേക്ക്; നെയ്മർ-ബാഴ്സ ഡീൽ മങ്ങുന്നു

ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പെ കുട്ടീഞ്ഞോ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നു. ലോൺ അടിസ്ഥാനത്തിലാണ് കുട്ടിഞ്ഞോ ബയേണിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ധാരണയായതായി ബാഴ്സ മാനേജ്മെന്റ് അറിയിച്ചു.
കുട്ടീഞ്ഞോ ബയേണിലേക്ക് പോകുമെന്ന് ഉറപ്പായതോടെ നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. കുട്ടീഞ്ഞോയും കൂടി ഉൾപ്പെട്ടതായിരുന്നു നെയ്മർ-ബാഴ്സ ഡീൽ. എന്നാൽ കുട്ടീഞ്ഞോയ്ക്ക് പിഎസ്ജിയിലേക്ക് പോകുന്നതിൽ താത്പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ബാഴ്സ ലോണിൽ അയച്ചത്.
പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിൽ നിന്ന് വൻതുക നൽകിയാണ് കുട്ടിഞ്ഞോയെ ബാഴ്സ ടീമിൽ എത്തിച്ചത്. എന്നാൽ മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. ബാഴ്സ മാനേജർ ഏണസ്റ്റോ വെൽവെർദെയ്ക്ക് കുട്ടീഞ്ഞോയെ നന്നായി ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. ഒരു സീസൺ മാത്രം കളിച്ച് റഷ്യൻ ക്ലബായ സെനിതിലേക്ക് പോയ ബ്രസീൽ യുവതാരം മാൽക്കമിനു ശേഷം വെൽവെർദെ വിട്ടുകളയുന്ന രണ്ടാമത്തെ കളിക്കാരനാണ് കുട്ടീഞ്ഞോ. വെൽവെർദെയെ പുറത്താക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലബ് അതിനു ചെവി കൊടുത്തിട്ടില്ല.
അതേ സമയം, നെയ്മർ ബാഴ്സയിലേക്കോ റയലിലേക്കോ പോവാനുള്ള സാധ്യതകൾ തത്കാലം അവസാനിച്ചു എന്നാണ് റിപ്പോർട്ട്. ഇരു ക്ലബുകളുടെയും ഓഫറുകൾ പിഎസ്ജി നിരസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here