ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ: ചുരുക്കപ്പട്ടികയിൽ എട്ടു പേർ; ഈ മാസം 19ന് പ്രഖ്യാപനം

ഇന്ത്യയുടെ പുതിയ ബൗളിംഗ് പരിശീലകനുള്ള ചുരുക്കപ്പട്ടികയിൽ എട്ടു പേർ. അവസാന വട്ട അഭിമുഖങ്ങളിലേക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 19ന് മുംബൈയിലുള്ള ബിസിസിഐ യുടെ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ചാകും അഭിമുഖം നടക്കുക. പരിശീലകൻ രവി ശാസ്ത്രിയുടെ സാന്നിധ്യത്തിൽ ഉപദേശക സമിതിയാവും ബൗളിംഗ് പരിശീലകനെ തിരഞ്ഞെടുക്കുക.
മുൻ ഇംഗ്ലണ്ട് പേസർ ഡാരൻ ഗഫ്, മറ്റൊരു ഇംഗീഷ് താരം സ്റ്റെഫാൻ ജോൺസ്, മുൻ ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് പ്രസാദ്, സുനിൽ ജോഷി, സുബ്രതോ ബാനർജി, അമിത് ഭണ്ഡാരി, പരസ് മാംബ്രെ, ഇപ്പോളത്തെ ബോളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഓരോരുത്തർക്കും തങ്ങളുടെ പദ്ധതികൾ വിശദീകരിക്കാൻ 20 മിനിട്ട് സമയം ലഭിക്കും. ഇന്ത്യൻ പരിശീലകർ നേരിട്ടും, വിദേശത്ത് നിന്നുള്ളവർ സ്കൈപ്പ് വഴിയുമായും അഭിമുഖത്തിൽ പങ്കെടുക്കുക.
ഡാരൻ ഗഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരമാണ്. മുൻ ഇന്ത്യൻ താരമായ വെങ്കടേഷ് പ്രസാദാവട്ടെ മുൻപ് ടീം ഇന്ത്യയുടെ ബോളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ബോളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് സ്റ്റെഫാൻ ജോൺസ്. സുനിൽ ജോഷി മുൻപ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്തിനു പുറമേ പല അന്താരാഷ്ട്ര ടീമുകളുടേയും ബോളിംഗ് പരിശീലകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രധാന പരിശീലകനായി രവി ശാസ്ത്രിയെ നിലനിർത്തിയിരുന്നു. 2021 വരെയാണ് ശാസ്ത്രിയുടെ കരാർ. മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക്ക് ഹെസ്സൻ, സൺ റൈസേഴ്സിൻ്റെ മുൻ പരിശീലകൻ ടോം മൂഡി എന്നിവരെയൊക്കെ പിന്തള്ളിയാണ് ശാസ്ത്രിക്ക് ഉപദേശക സമിതി രണ്ടാമൂഴം നൽകിയത്.
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്. രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here