മാനദണ്ഡങ്ങൾ പാലിച്ചില്ല; മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയുടെ ചുമതല റിലയൻസിനു നൽകിയ നടപടി സർക്കാർ റദ്ദാക്കിയേക്കും

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയുടെ ചുമതല റിലയൻസിനു നൽകിയത് റദ്ദാക്കിയേക്കും. കൂടുതൽ സമയം നൽകിയിട്ടും മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിക്ക് കഴിയാത്തതിനെ തുടർന്നാണിത്. മാനദണ്ഡങ്ങൾ പാലിക്കാതെ കരാറിൽ ഒപ്പിടാൻ സർക്കാർ തയാറാല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവനക്കാരുമായി ആലോചിച്ച് കരാർ റദ്ദാക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് ഓഗസ്റ്റ് ഒന്നു മുതൽ മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാനദണ്ഡപ്രകാരമുള്ള ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ചുമതലയുള്ള റിലയൻസിനു കഴിഞ്ഞില്ല. സമയം നീട്ടി നൽകിയില്ലെങ്കിൽ എല്ലാ ജില്ലകളിലും സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി, അവയവ മാറ്റ ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രി എന്നിവ ഉൾപ്പെടുത്താനായില്ല. ഈ സാഹചര്യത്തിൽ പദ്ധതി നടത്തിപ്പിനു റിലയൻസുമായി കരാർ ഒപ്പിടാൻ സർക്കാർ തയാറല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
മാത്രമല്ല പദ്ധതി നടത്തിപ്പിനെക്കുറിച്ച് ജീവനക്കാർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇൻഷ്വറൻസ് കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്ന ആശുപത്രികളിൽ മതിയായ സൗകര്യമില്ലെന്നാണ് ജീവനക്കാരുടെ പരാതി. കമ്പനിക്ക് ഒരു തവണകൂടി സമയം അനുവദിച്ചിട്ടുണ്ട്.
വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലും നിശ്ചിത എണ്ണം സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലും പദ്ധതി നടപ്പാക്കുന്നത് വീണ്ടും മാസങ്ങളോളം വൈകുമെന്നുറപ്പായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here