എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതാർഹം: എൽദോ എബ്രഹാം

ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് സെൻട്രൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതം ചെയ്ത് എൽദോ എബ്രഹാം എംഎൽഎ. നടപടി ഇത്രയും വൈകാൻ പാടില്ലായിരുന്നുവെന്ന് എൽദേ എബ്രഹാം പറഞ്ഞു.
ഞാറക്കൽ സിഐയെ സസ്‌പെൻഡ് ചെയ്യണമെന്നതായിരുന്നു സമര ലക്ഷ്യം. ഈ വിഷയം വീണ്ടും സർക്കാരിന് മുന്നിൽ കൊണ്ടു വരും. ഭരണമുള്ള സമയത്ത് സമരം വേണ്ടെന്ന നിലപാടില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു.
ലാത്തിച്ചാർജ് വിഷയത്തിൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പാണ് നടപടി സ്വീകരിച്ചത്. എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എൽദോ എബ്രഹാമിനെ തിരിച്ചറിയുന്ന കാര്യത്തിൽ എസ്‌ഐക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ടെത്തിയിരുന്നു.
സിപിഐ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോർട്ട് നൽകിയിരുന്നു. ലാത്തിച്ചാർജ് സംബന്ധിച്ച് കളക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ നടപടിയിൽ വീഴ്ചയില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലായിരുന്നു ഡിജിപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ മാസമാണ് സിപിഐ ഐജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവർത്തകരെ കായികമായി നേരിട്ട ഞാറയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here