കവളപ്പാറയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി തെരച്ചിലിൽ കണ്ടെത്തി. ഇന്നത്തെ തെരച്ചിലിൽ ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ
കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. ഹൈദരാബാദിൽ നിന്നുമെത്തിയ അത്യാധുനിക ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലും ഇപ്പോൾ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. രണ്ട് യൂണിറ്റ് റഡാറുകളാണ് തെരച്ചിലിനായി കൊണ്ടു വന്നിരിക്കുന്നത്. ഒരു റഡാർ 40 മീറ്റർ ആഴത്തിലും ഒന്ന് 5 മീറ്റർ ആഴത്തിലും മണ്ണിനടിയിലുള്ള വസ്തുക്കളെ കണ്ടെത്താൻ സാധിക്കുന്നവയാണ്.
Read Also; കവളപ്പാറയിലെ ദുരന്തസ്ഥലത്ത് നിന്നും സെൽഫി; പുരോഹിതന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
ഹൈദരാബാദിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് റഡാറുകൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. റഡാർ ഉപയോഗിച്ചുള്ള തെരച്ചിലിൽ മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ മണ്ണിനടിയിൽ റഡാർ പരിശോധന വിജയമാകുമോയെന്ന ആശങ്കയും ഹൈദരാബാദിൽ നിന്നെത്തിയ വിഗഗ്ദ സംഘം അറിയിച്ചിട്ടുണ്ട്. ഇരുപതോളം മണ്ണുമാന്തി യന്ത്രങ്ങളാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here