ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം, സുപ്രീം കോടതി ഇടക്കാല ഉത്തരവ്

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായകമായി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വിവരങ്ങൾ ബൂത്ത് തിരിച്ചായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. വോട്ടർ ഐഡി നമ്പറുകൾ ഉപയോഗിച്ച് പട്ടിക തിരിയ്ക്കാൻ കഴിയും.
കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണവും ഇതിൽ ഉണ്ടാക്കു. ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പട്ടിക പ്രസിദ്ധീകരിച്ചാൽ ആ വിവരം പ്രാദേശിക പത്രങ്ങളിലൂടെയും ദൂരദർശനിലൂടെയും മറ്റ് ചാനലുകളിലൂടെയും നൽകണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സോഷ്യൽ മീഡിയ ഹാൻഡിൽ ഉണ്ടെങ്കിൽ അതിലൂടെയും പ്രചരണം നടത്തണം. വോട്ടർമാരുടെ വിവരങ്ങൾ കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശം നൽകി.
പരാതിയുള്ളവർക്ക് ആധാർ കാർഡിന്റെ പകർപ്പ് ചേർത്ത് പരാതി നൽകാം. ഒഴിവാക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധീകരിക്കണം.കമ്മീഷൻ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം. പഞ്ചായത്ത് ഓഫീസുകളില്‍ ബൂത്ത് ലെവൽ ഓഫീസര്‍ ബൂത്ത് തിരിച്ചുള്ള പട്ടിക പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
Story Highlights : Bihar voter list irregularities; Information of excluded voters should be published, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here