ബിജെപി ബലൂചിസ്ഥാനിലും യൂണിറ്റ് തുടങ്ങിയോ? പ്രചരിക്കുന്നത് അനന്ത്നാഗിലെ തെരഞ്ഞെടുപ്പ് സമയത്തെ വീഡിയോ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരിനെ സംബന്ധിച്ചുള്ള നിരവധി വ്യാജവാർത്തകളാണ് സോഷ്യൽമീഡിയയിൽ അതിവേഗത്തിൽ പ്രചരിക്കുന്നത്.ഇതിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് പാകിസ്താനിലെ ബലൂചിസ്ഥാനിൽ ബിജെപി യൂണിറ്റ് തുടങ്ങിയെന്ന പ്രചാരണം. ബിജെപി പതാകയേന്തിയ ഒരു കൂട്ടം ആളുകൾ ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ബുർഖ ധരിച്ച മുസ്ലീം സ്ത്രീകളടക്കമുള്ളവർ കയ്യടികളോടെ പാട്ടു പാടുന്നതും ചുവടുകൾ വെയ്ക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇത് നടക്കുന്നത് ഇന്ത്യയിലല്ല.. പാക്കിസ്ഥാനിലാണ്.. ബലൂചിസ്ഥാനിലാണ് എന്ന വിവരണവും വീഡിയോയിൽ എഴുതിക്കാണിക്കുന്നുണ്ട്.
भाजपा की पाकिस्तान मे पहली शाखा खुल चुकी है । भारत मे तो अक्सर ग़द्दार भारतीय पाकिस्तानी झंडे लहराते रहे है पर आज तबियत ख़ुश हो गई ये दृश्य देखकर । pic.twitter.com/Zg8yfde1Fr
— Atul Kushwaha (@UP_Silk) August 11, 2019
എന്നാൽ യഥാർത്ഥത്തിൽ ഇത് ബിജെപി ബലൂചിസ്ഥാനിൽ യൂണിറ്റ് തുടങ്ങിയതിന്റെ വീഡിയോ അല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ ബിജെപി നടത്തിയ ഒരു പ്രകടനത്തിന്റെ വീഡിയോ ദൃശ്യമാണിത്. അനന്ത്നാഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ ചിത്രീകരിച്ച വീഡിയോയാണിത്. ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് തന്നെ ഈ വീഡിയോ 2019 മാർച്ച് 30 ന് ട്വീറ്റ് ചെയ്തിരുന്നു.
Bar bar Modi sarkar
Har bar Modi Sarkar #PhirEkBaarModiSarkar #LokSabhaElections2019 @narendramodi @PMOIndia @AmitShah @Ramlal @rammadhavbjp @ImAvinashKhanna @RavinderBJPJK @AshokKoul59 @dograjournalist @iamrohit2104 @rpsinghkhalsa @BJP4JnK pic.twitter.com/XLyvptGjLA— Sofi yousuf (@sofi_yousuf) March 30, 2019
പല പ്രാദേശിക ചാനലുകളും ഈ ദൃശ്യങ്ങൾ നേരത്തെ സംപ്രേഷണം ചെയ്തിരുന്നതുമാണ്. എന്നാൽ ഈ വീഡിയോയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ബലൂചിസ്ഥാനിൽ ബിജെപി യൂണിറ്റ് ആരംഭിച്ചു എന്ന തരത്തിൽ പ്രചരിക്കുന്നത്.
അതുൽ കുശ്വാഹ എന്ന വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽ നിന്നുൾപ്പെടെയാണ് വ്യാജ വീഡിയോ ഈ മാസം 11 മുതൽ പ്രചരിച്ചു തുടങ്ങിയത്. തുടർന്ന് നിരവധി പേർ ഫേസ്ബുക്കിലും വാട്സ് ആപ്പിലുമെല്ലാം ഈ വീഡിയോ പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലാകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here