ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി ജയവുമായി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി ജയവുമായി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്. ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനെ പരാജയപ്പെടുത്തി പ്രണോയ് മൂന്നാം റൗണ്ടില്‍ കടന്നു.
അഞ്ചു തവണ ലോക ചാമ്പ്യന്‍ പട്ടവും, രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ സാക്ഷാല്‍ ലിന്‍ ഡാനെ വീഴ്ത്തി എച്ച്.എസ് പ്രണോയ് കരുത്ത് കാട്ടി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയിയുടെ വിജയാഘോഷം. നീണ്ട റാലികളിലൂടെ ലിന്‍ഡാനെ കുരുക്കിയ പ്രണോയ് ആദ്യ ഗെയിം 21-11 എന്ന സ്‌കോറിന് സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ലിന്‍ ഡാന്‍ തിരിച്ച് വന്നു. അറ്റാക്കിങ് ഷോട്ടുകളുമായി കളംനിറഞ്ഞ ലിന്‍ ഡാന്‍ 13 നെതിരെ 21 പോയിന്റുകള്‍ നേടി ഗെയിം പിടിച്ചു.
നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തെ നിലം തൊടാന്‍ അനുവദിച്ചില്ല പ്രണോയ്. മികച്ച പ്രതിരോധത്തിലൂടെ ലിന്‍ഡാനെ പരീക്ഷിച്ച പ്രണോയ് വെല്ലുവിളികളില്ലാതെ മുന്നേറി. 7നെതിരെ 21 പോയിന്റുകള്‍ക്ക് മൂന്നാം ഗെയിമും നേടി പ്രണോയ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇത് മൂന്നാം തവണയാണ് എച്ച്.എസ് പ്രണോയ് ലിന്‍ ഡാനെ തോല്‍പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here