ബംഗാർ തെറിയ്ക്കും; സഹപരിശീകരെ നിയമിക്കാനുള്ള അഭിമുഖം ആരംഭിച്ചു

ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ നിലനിർത്തിയതിനു പിന്നാലെ കോച്ചിംഗ് സ്റ്റാഫിൽ അഴിച്ചു പണിക്കൊരുങ്ങി ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെ തിരഞ്ഞെടുക്കാനുള്ള നടപടി ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. ബൗളിംഗ് പരിശീലകനായ ഭരത് അരുണിന് ഭീഷണിയില്ലെങ്കിലും ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവർ പുറത്താക്കപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സെലക്ഷൻ കമ്മറ്റിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് അഭിമുഖങ്ങൾ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയോടെ മാത്രമേ സപ്പോർട്ടിംഗ് സ്റ്റാഫുകളെ പ്രഖ്യാപിക്കുകയുള്ളൂ. സമീപകാലത്തായി ഏറെ പുരോഗതി പ്രാപിച്ച ഇന്ത്യൻ ബൗളിംഗ് വിഭാഗത്തിൻ്റെ പരിശീലകനായിരുന്ന ഭരത് അരുൺ പുറത്താക്കപ്പെടാൻ സാധ്യതയില്ല. മുഹമ്മദ് ഷമിയുടെ ഫോമും ജസ്പ്രീത് ബുംറയുടെ വളർച്ചയും അരുണിനു തുണയാകും. ഇന്ത്യൻ ഫീൽഡിംഗ് വിഭാഗവും ഏറെ പുരോഗമിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കൻ ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് അപേക്ഷ നൽകിയത് നിലവിലെ പരിശീലകൻ ആർ ശ്രീധറിനു ഭീഷണിയാവാൻ സാധ്യതയുണ്ട്.
ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ പുറത്താവുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇനിയും പരിഹരിച്ചിട്ടില്ലാത്ത നാലാം നമ്പർ ആശങ്കകൾ ബംഗാറിൻ്റെ പിടിപ്പുകേടാണെന്നാണ് അണിയറ സംസാരം. മധ്യനിരയിലെ ബലഹീനതയ്ക്കും ഫലപ്രദമായ പരിഹാരം കണ്ടെത്താൻ ബംഗാറിനു സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബിസിസിഐ മറ്റു പരിശീലകരെ തേടിയേക്കും. മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വിക്രം റാത്തോറാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി. മുൻ ഇന്ത്യൻ താരങ്ങളായ അമോൽ മസൂംദാർ, ഹൃഷികേഷ് കനിക്തർ എന്നിവരോടൊപ്പം മുൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ തിലൻ സമരവീര, മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജൊനാഥൻ ട്രോട്ട് എന്നിവരും ബാറ്റിംഗ് പരിശീലകനാവാൻ അപേക്ഷ നൽകിയവരിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here