‘എറണാകുളത്തിന്റെ പുതിയ ഹീറോ’; ആദ്യ വിൽപനയിൽ ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസത്തിന് നൽകി നൗഷാദ്

പുതിയതായി തുടങ്ങിയ കടയിലെ ആദ്യ വിൽപനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നൗഷാദ്. എറണാകുളം കളക്ടറുടെ ചേംബറിലെത്തിയാണ് നൗഷാദ് തുക കൈമാറിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനമാകെ ഊർജം പകരുന്നതായിരുന്നെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു.

എറണാകുളത്തിന്റെ പുതിയ ഹീറോയാണ് നൗഷാദെന്ന് കളക്ടർ സുഹാസ് ഫേസ്ബുക്കിൽ കുറിച്ചു. ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിന് എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത മാതൃകയാണ് നൗഷാദെന്നും സുഹാസ് പറഞ്ഞു. നൗഷാദ് കാണിച്ച് കൊടുത്ത ഹൃദയവിശാലതയിൽ നിന്നു ഊർജം ഉൾക്കൊണ്ട് പ്രളയബാധിതരായ സഹോദരങ്ങൾക്ക് കൈത്താങ്ങായി സാധനങ്ങളും, സേവനങ്ങളും, സിഎംഡിആർഎഫായും ഇന്ന് കേരളം മുന്നേറുകയാണ്. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ഹീറോ ഉണ്ട്. നിങ്ങളുടെ ഉള്ളിലെ ഹീറോയെ പുറത്തുകൊണ്ടുവരാൻ ഇതാണ് ഏറ്റവും നല്ല സമയമെന്നും സുഹാസ് വ്യക്തമാക്കി.

കടയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളിൽ ഏറിയ പങ്കും പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് നൽകിയാണ് നൗഷാദ് വാർത്തകളിൽ നിറഞ്ഞത്. ഇന്നലെ കൊച്ചി ബ്രോഡ്‌വേയിൽ നൗഷാദ് പുതിയ കട ആരംഭിച്ചിരുന്നു. വിദേശമലയാളിയായ അഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ ചെക്കുമായി എത്തി സാധനങ്ങൾ വാങ്ങി. ഈ തുകയാണ് നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

നൗഷാദിന്റെ നന്മ നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫേസ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകലിലേക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More