‘ആരോടും പരാതിയില്ല; കേരളത്തിനായി കളിച്ച് തിരികെ വരും’; ശ്രീശാന്ത് ട്വന്റിഫോറിനോട്

കരിയറിലെ സുപ്രധാനമായ ഏഴു വർഷങ്ങൾ നഷ്ടമായതിന് ആരോടും പരാതിയില്ലെന്ന് ശ്രീശാന്ത്. ഐപിഎൽ കോഴക്കേസിനെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി ഏഴു വർഷമാക്കിച്ചുരുക്കിയതിൻ്റെ പശ്ചാത്തലത്തിൽ ട്വൻ്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിച്ച് തിരികെ വരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഏറെ കഷ്ടപ്പെട്ടിരുന്ന സമയത്ത് എന്നെ സപ്പോർട്ട് ചെയ്ത ചാനലാണ് ഫ്ലവേഴ്സ്. അതിൻ്റെ ഭാഗമായ 24നു നന്ദി. ആരോടും പരാതിയില്ല. ക്രിക്കറ്റ് പ്രാക്ടീസ് ചെയ്ത് എത്രയും വേഗം മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കണമെന്നാണ് ആഗ്രഹം. എല്ലാവരോടും നന്ദിയുണ്ട്”- ശ്രീശാന്ത് പറഞ്ഞു.
ഇത് നീതി നിഷേധമായല്ല, നീതി ലഭിച്ചതായാണ് താൻ കാണുന്നതെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. “എത്രയോ ആളുകളാണ് നീതി നിഷേധിക്കപ്പെട്ടിട്ടുള്ളത്. ശ്രീശാന്ത് എന്ന പേരു കാരണമാണ് ഇതൊരു വലിയ കേസായത്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഈ വാർത്ത ഏഴാം തിയതി തന്നെ അറിഞ്ഞിരുന്നു. പക്ഷേ, അത് പുറത്തു പറയാതെ ഇരിക്കുകയായിരുന്നു. ക്രിക്കറ്റ് പ്രാക്ടീസ് ഒക്കെ നടക്കുന്നുണ്ട്. അരെയും നിരാശപ്പെടുത്തില്ല.”- ശ്രീശാന്ത് തുടർന്നു.
ആരെയും താൻ നിരാശപ്പെടുത്തില്ലെന്നും എനിക്കു വേണ്ടി പ്രാർത്ഥിച്ച ഒരുപാട് ആളുകൾക്കു വേണ്ടി താൻ നല്ല പ്രകടനം നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിനു വേണ്ടി കളിച്ച് രഞ്ജി നേടണമെന്ന് ആഗ്രഹമുണ്ട്. ടി-20, 50 ഓവർ ലോകകപ്പുകൾ കരിയറിൽ നേടി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കൂടി നേടണമെന്ന് ആഗ്രഹമുണ്ട്. ഇനി ഒന്നര വർഷം കൂടിയുണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനിക്കാൻ. അതിനുള്ളിൽ ഇന്ത്യൻ ടീമിൽ കളിക്കാനാവുമെന്ന് കരുതുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശ പ്രകാരമാണ് ശ്രീശാന്തിൻ്റെ വിലക്ക് വെട്ടിച്ചുരുക്കിയത്. 2020 സെപ്തംബറോടെ ശ്രീശാന്തിൻ്റെ വിലക്ക് അവസാനിക്കും. 36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോലം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും താരത്തിന് ഈ നിലപാട് ഏറെ ആശ്വാസമായേക്കും.
2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങൾക്കൊപ്പമാണ് സംശയത്തിൻ്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടർന്നു. പലതവണ അപ്പീൽ നൽകിയെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല.
മൂന്ന് മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ഈ മാസം ഏപ്രിലിൽ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here