സിസ്റ്റർ ലൂസിക്കെതിരായ അപവാദ പ്രചാരണം: ഫാദർ നോബിള്‍ പാറയ്ക്കല്‍ ഒന്നാം പ്രതി; ആറു പേർക്കെതിരെ കേസ്

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ വൈദികനടക്കം 6 പേര്‍ക്കെതിരെ കേസ്. മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കേസിൽ, വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദർ നോബിൾ പാറയ്ക്കലാണ് ഒന്നാം പ്രതി. മദർ സുപ്പീരിയറും മഠത്തിലെ കന്യാസ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഹാനി വരുത്തിയതിനും ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസി ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മഠത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നോബിൾ പാറക്കൽ അപവാദ പ്രചരണം നടത്തിയത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകയുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ മഠത്തിന്റെ പ്രധാന പ്രവേശന കവാടം മദര്‍ സുപ്പീരിയര്‍ സ്ഥിരമായി പൂട്ടി ഇടുന്നതിനാലാണ് അതിഥികളെ മറ്റൊരു വാതിലിലുടെ സ്വീകരിച്ചതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസുമായി ബന്ധപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് സിസ്റ്റർ ലൂസിക്കെതിരെ സഭയിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. സിസ്റ്ററെ മഠത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് സഭ കത്തും നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ മഠത്തിൽ തന്നെ പൂട്ടിയിട്ടെന്നാരോപിച്ച് സിസ്റ്റർ ലൂസി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here