‘വെറും പന്ത്രണ്ടാം ക്ലാസുകാരൻ’; അധ്യാപികയെ തിരുത്തി പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം നടന്ന സ്‌കൂളിലായിരുന്നു പൃഥ്വിയുടെ പ്രസംഗം. ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന ചെറിയൊരു സ്‌കൂളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ഇവിടെ ചിത്രീകരണം നടന്ന അതേ ദിവസം തന്നെയാണ് ആർട്ട്‌സ് ഡേ പരിപാടിയും നടന്നത്. പൃഥ്വി ചടങ്ങിൽ മുഖ്യാതിഥിയായി എത്തുകയായിരുന്നു.
എഞ്ചിനീയറിംഗ് ബിരുദധാരി എന്നു പറഞ്ഞാണ് പൃഥ്വിരാജിനെ പ്രധാന അധ്യാപിക വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ വേദിയിലെത്തിയ ഉടൻ നിങ്ങളുടെ ടീച്ചർ പറഞ്ഞത് ‘നുണയാണ്’ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. താൻ വെറും പന്ത്രണ്ടാം ക്ലാസാണെന്ന് പൃഥ്വി പറഞ്ഞതോടെ കുട്ടികളെല്ലാം ചിരിക്കാൻ തുടങ്ങി.
എല്ലാവരും മിടുക്കന്മാരും മിടുക്കികളുമാണെന്നും ഇന്നല്ലെങ്കിൽ നാളെ നിങ്ങളിലെ കഴിവ് തിരിച്ചറിയുമെന്നും പൃഥ്വിരാജ് പറഞ്ഞു. പാഠപുസ്തകങ്ങൾക്കപ്പുറം നിങ്ങൾക്ക് സ്വയം പഠിക്കാൻ കഴിയുന്ന ചില പാഠങ്ങളുണ്ട്. അത് പഠിക്കാൻ മറക്കരുതെന്നും പൃഥ്വിരാജ് കുട്ടികളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here