മഞ്ജുവും സംഘവും മണാലിയിലേക്ക്; ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് സനൽ കുമാർ ശശിധരൻ

നടി മഞ്ജു വാര്യർ അടങ്ങുന്ന സംഘം രണ്ട് മണിക്കൂറിനുള്ളിൽ മണാലിയിൽ എത്തുമെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിലവിൽ റോത്തഗിലാണ് ഉള്ളത്. റോഡിലെ ഗതാഗത തടസ്സം നീങ്ങിയാൽ ഉടൻ യാത്ര തിരിക്കും. രണ്ട് ദിവസത്തെ ചിത്രീകരണം ഷിംലയിൽ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും സനൽകുമാർ ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടങ്ങുന്ന സംഘം ഹിമാചൽപ്രദേശിലെത്തിയത്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും സംഘം അവിടെ കുടുങ്ങുകയായിരുന്നു. ഛത്രുവിൽ പ്രളയത്തിൽ കുടുങ്ങിയതായി മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിച്ചറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ എം പി സമ്പത്ത് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് മഞ്ജു വാര്യർക്കും സംഘത്തിനും സമീപം രക്ഷാപ്രവർത്തകർ എത്തുകയും ഭക്ഷണവും വെള്ളവും എത്തിച്ചുനൽകുകയും ചെയ്തു.
ഛത്രുവിൽ നിന്ന് 22 കിലോ മീറ്റർ അകലെയുള്ള ബേസ് ക്യാമ്പിൽ സിനിമ പ്രവർത്തകരെ എത്തിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നേരത്തെ ഉണ്ടായിരുന്ന ഗതാഗത പ്രശ്‌നം പരിഹരിച്ചതോടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മടങ്ങാമെന്ന് സംഘം തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here