വൻ തുകയ്ക്ക് ആഷിഖ് കുരുണിയൻ ബംഗളൂരുവിലേക്ക്

മലയാളി താരം ആഷിഖ് കുരുണിയൻ ബംഗളൂരു എഫ്സിയിലേക്കെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങളൊക്കെ പൂർത്തിയായെന്നും പൂനെ സിറ്റിയുമായി ബംഗളൂരു എഫ്സി കരാർ ഒപ്പിട്ടെന്നുമാണ് റിപ്പോർട്ട്. 70 ലക്ഷം രൂപയാണ് 22 കാരനായ താരത്തിനു വേണ്ടി ബംഗളൂരു മുടക്കുന്നത്.
ഒരു ഇന്ത്യൻ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്. മൈക്കൽ സൂസൈരാജിനാണ് ഇക്കാര്യത്തിൽ റെക്കോർഡ്. ജാംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നും മൈക്കല്‍ സുസൈരാജിനെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത് 90 ലക്ഷം രൂപയ്ക്കായിരുന്നു. ഈ റെക്കോർഡിനു പിന്നിലാണ് ഇപ്പോൾ ആഷിഖ്.
കുടുംബത്തെ സഹായിക്കാനായി എട്ടാം ക്ലാസ്സില്‍ പഠനമവസാനിപ്പിച്ച് പിതാവിനൊപ്പം ജോലിക്കു പോയി തുടങ്ങിയ ആഷിഖ്, കേരള ഫുട്‌ബോൾ അസ്സോസിയേഷന്റെ വിഷന്‍ ഇന്ത്യ എന്ന പ്രോഗ്രാമിലൂടെയാണ് ഫുട്‌ബോള്‍ രംഗത്തേയ്ക്ക് വരുന്നത്. ഇങ്ങനെയാണ് മലപ്പുറം സ്വദേശിയായ ആഷിഖ് പൂനെ സിറ്റിയുടെ യൂത്ത് ടീമിലെത്തിയത്. സ്പാനീഷ് ടീമായ വില്ലാരെല്‍സിന്റെ സി ടീമിലും ഈ 22 കാരന്‍ മുമ്പ് കളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here