‘ബിക്കിനി എയർലൈൻസ്’ ഇന്ത്യയിലേക്ക്; 9 രൂപ മുതൽ ടിക്കറ്റ് ചാർജ്

ബിക്കിനിയണിഞ്ഞ എയർഹോസ്റ്റസുകളെ കൊണ്ട് ശ്രദ്ധേയമായ വിയറ്റ്നാമീസ് വിമാന സർവീസ് വിയറ്റ്ജെറ്റ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നു. ഡിസംബർ മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം. ഡൽഹിയിൽ നിന്നുമാവും സർവീസ്. ഹാനോയ്, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കാണ് സർവീസ് ഉണ്ടാവുക.
സർവീസുകളുടെ സമയവിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഒൻപത് രൂപയുടെ ടിക്കറ്റുകളാണ് സർവീസിൽ ഏറെ ആകർഷണീയമായത്. ‘ഗോൾഡൻ ഡെയ്സ്’ എന്ന് വിശേഷിപ്പിക്കുന്ന ഓഗസ്റ്റ് 20 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് 9 രൂപയ്ക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. വിയറ്റ് ജെറ്റിൻ്റെ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇക്കൊല്ലം ഡിസംബർ ആറു മുതൽ അടുത്ത വർഷം മാർച്ച് 28 വരെയുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാമെന്ന് വിയജെറ്റ് അറിയിച്ചു.
ഹോചിമിൻ സിറ്റിയിൽ നിന്നുള്ള സർവീസുകൾ തിങ്കൾ മുതൽ ഇടവിട്ടുള്ള നാലു ദിവസങ്ങളിലും ഹാനോയിൽ നിന്നുള്ളവ മറ്റു മൂന്നു ദിവസങ്ങളിലുമാവും ഉണ്ടാവുക.
2011ൽ പ്രവർത്തനം ആരംഭിച്ച വിയജെറ്റ് ബിക്കിനിയണിഞ്ഞ എയർഹോസ്റ്റസുമാരാണ് വളരെ വേഗത്തിൽ പ്രശസ്തമാക്കിയത്. പ്രശസ്തിക്കൊപ്പം ഇത് പിന്നീട് വിവാദങ്ങൾക്കും വഴി വെച്ചു. ചൈനയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിയറ്റ്‌നാമിന്‌റെ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിൽ ബിക്കിനിയണിഞ്ഞ് പാർട്ടി നടത്തിയത് വിവാദമായി. 2018 ജനുവരിയില്‍ ഇതിനെതിരെ വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്ക് പിഴ ചുമത്തിയിരുന്നു.
നിലവിൽ ദിനേന 400 വിമാനങ്ങളാണ് വിയജെറ്റിൻ്റേതായി ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും പറക്കുന്നത്. വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിയുടെ ഉടമ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here