ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് പ്രചരിപ്പിച്ച് നടക്കേണ്ടതില്ലെന്ന് സിപിഐഎം

ശബരിമലയിൽ യുവതീപ്രവേശനത്തിന് മുൻകൈയെടുക്കേണ്ടതില്ലെന്ന് സിപിഐഎം. വിശ്വാസികളുടെ വികാരം മാനിച്ച് മുന്നോട്ട് പോകണമെന്നും സിപിഐഎം സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു. ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് മാറ്റേണ്ടതില്ലെന്നും എന്നാൽ അത് പ്രചരിപ്പിച്ച് നടക്കേണ്ടതില്ലെന്നും ചർച്ചയിൽ നിർദേശമുയർന്നു.
ആർഎസ്എസിന്റെയും ബിജെപിയുടെയും കടന്നുകയറ്റം ഒഴിവാക്കുന്നതിനായി പ്രാദേശികമായ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രവർത്തകർ സജീവമാകണമെന്നും നിർദേശമുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് കാരണം വിശ്വാസികളായ ഒരു വിഭാഗം അകന്നതാണെന്ന് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. വിവാദ വിഷയങ്ങളിൽ പാർട്ടിക്ക് എതിരായി നേതാക്കളും പ്രവർത്തകരും പരസ്യനിലപാടെടുക്കുന്നത് അനുവദിക്കരുതെന്നും സംസ്ഥാന സമിതിയിൽ നിർദേശമുണ്ടായി.
നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികൾ സഖാക്കൾ മനസിലാക്കണമെന്നും സംസ്ഥാന സമിതിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്.സംഘടനാ നിർദേശങ്ങൾ നടപ്പാക്കാൻ നേതൃത്വം ഇച്ഛാശക്തി കാണിക്കണം. നേതാക്കളുടെ പ്രവർത്തന ശൈലി മാറ്റണം. ജനങ്ങളോട് പുച്ഛത്തിൽ സംസാരിക്കുന്നത് നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here