കേരളത്തിലേത് ബിജെപിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രി; തുഷാറിന് വേണ്ടി കത്തയച്ചത് പ്രശംസനീയ നടപടിയെന്ന് ഇ പി ജയരാജൻ

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മന്ത്രി ഇ പി ജയരാജൻ. തുഷാറിന് വേണ്ടി അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിന് പകരം പ്രശംസിക്കുകയാണ് വേണ്ടതെന്ന്് ജയരാജൻ പറഞ്ഞു.
ബിജെപിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. അതിൽ തെറ്റ് കാണാനില്ല. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്. എല്ലാ മനുഷ്യരുടേയും സംരക്ഷണവും നീതിയും ഉറപ്പു വരുത്തുന്ന തരത്തിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും ഇ പി ജയരാജൻ പറഞ്ഞു. യുഎഇയിലെ ജയിലിൽ നീതി തേടി ഇനിയും ആളുകളുണ്ടെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അവരെ പോലെയാണോ തുഷാർ വെള്ളാപ്പള്ളിയെന്നായിരുന്നു ഇ പി ജയരാജന്റെ ചോദ്യം. തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിലും മറ്റ് സംഭവങ്ങളിലും അസ്വാഭാവികത കാണുന്നുണ്ട്. തുഷാർ വെള്ളാപ്പള്ളി അവിടെ പോയപ്പോഴാണ് ചതിക്കുഴിയിൽ വീണത്. കാണുന്ന ആർക്കും അതിലൊരു അസ്വാഭാവികതയുണ്ടെന്ന് തോന്നുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
10 വർഷം മുൻപ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിനെതിരെ പരാതി നൽകിയത്. എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.
സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. തുഷാറിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here