പൊലീസുകാരുടെ ആത്മഹത്യ; ഞെട്ടിക്കുന്ന കണക്കുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ

പൊലീസുകാരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന കണക്കുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ. കഴിഞ്ഞ എട്ടു മാസത്തിനിടെ പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍.

സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ പുറത്തുവിട്ട കണക്കുകള്‍ പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ സംസ്ഥാനത്തു പത്തു പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒരു ഡിവൈഎസ്പി അടക്കം 13 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 45 പൊലീസുകാര്‍ സംസ്ഥാനത്തു ആത്മഹത്യ ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ശരാശരി 16 പൊലീസുകാര്‍ ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നതായാണ് ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക്. 2002ലും 2003ലുമാണ് സംസ്ഥാനത്ത് ഏറ്റവും അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തത്. ഈ രണ്ടു വര്‍ഷങ്ങളില്‍ 54 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. ജോലിയിലുണ്ടാകുന്ന ഉയര്‍ന്ന മാനസിക സംഘര്‍ഷം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം, അനാവശ്യ സ്ഥലംമാറ്റം, 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി തുടങ്ങിയവയാണ് പലപ്പോഴും പൊലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കൂടാതെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും ആത്മഹത്യക്കു കാരണമാകുന്നു. പൊലീസുകാരുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top