ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിന്ധു ഫൈനലിൽ

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം പിവി സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ ചൈനീസ് താരം ചെൻ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. സ്കോർ 21-7, 2-14.
മികച്ച ഫോമിലായിരുന്ന സിന്ധു എതിരാളിക്ക് ഒരവസരം പോലും നൽകിയില്ല. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ സിന്ധുവിനെ ആദ്യ ഗെയിമിൽ പ്രതിരോധിക്കാൻ പോലും ചൈനീസ് താരത്തിനായില്ല.
ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം തായ് സു യിംഗിനോട് തോൽവിയുടെ വക്കിൽ നിന്നും പൊരുതി കയറിയാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു രണ്ടാം ഗെയിം 23-21 എന്ന നിലയിൽ നേടിയാണ് തിരിച്ചുവന്നത്. നിർണായകമായ മൂന്നാം ഗെയിമിൽ 21-19ന് എതിരാളിയെ വീഴ്ത്തുകയായിരുന്നു.
പുരുഷ വിഭാഗത്തിൽ ബി സായ് പ്രണീതും സെമിഫൈനൽ ബർത്ത് നേടിയിട്ടുണ്ട്. ലോക ഒന്നാം നമ്പർ താരം ജപ്പാന്‍റെ കെന്‍റോ മൊമോറ്റയാണ് ഇന്ത്യൻ താരത്തിന് എതിരാളി. ജപ്പാൻ ഓപ്പണ്‍ സെമിഫൈനലിൽ മൊമോറ്റയോട് സായ് തോൽവി വഴങ്ങിയിരുന്നു.
ക്വാർട്ടറിൽ ലോക നാലാം നമ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് സായ് സെമി ബർത്ത് നേടിയത്. 36 വർഷത്തിന് ശേഷമാണ് ഒരു പുരുഷ ഇന്ത്യൻ താരം ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്. സെമിയിൽ കടന്നാൽ മെഡൽ ഉറപ്പിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here