‘അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം’; സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ 21-7, 21-7. ലോക ബാഡ്മിന്റൺ കിരീട നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് നടന്ന
ഫൈനലിൽ തന്നെ വീഴ്ത്തിയ ഒകുഹാരയോടുള്ള പകരം വീട്ടൽ കൂടിയായി ഇത്തവണത്തെ മിന്നുന്ന ജയം.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 2017ലും 18ലും വെള്ളി നേടിയ സിന്ധു 2103, 14 വർഷങ്ങളിൽ വെങ്കലമെഡലുകൾ നേടിയിരുന്നു. ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അഞ്ച് മെഡലുകൾ സ്വന്തമാക്കുന്ന ഏക ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ നേടിയ വിജയം അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമാണെന്ന് മത്സരത്തിന് ശേഷം പി.വി സിന്ധു പറഞ്ഞു. കോച്ച് പുല്ലേല ഗോപീചന്ദ് അടക്കമുള്ളവർക്ക് നന്ദി പറയുന്നതായും കിരീടനേട്ടത്തിന് ശേഷം സിന്ധു പ്രതികരിച്ചു.
തുടർച്ചയായി രണ്ട് ഫൈനലുകളിലും കിരീടം കൈവിട്ട സിന്ധു ഇക്കുറി മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് പുതിയ ചരിത്രമെഴുതിയത്. ലോക റാങ്കിംഗിൽ തന്നെക്കാൾ ഒരു പടി മുന്നിലുള്ള നൊസോമി ഒകുഹാരയെ 38 മിനുട്ടുകൾക്കാണ് സിന്ധു മുട്ടുകുത്തിച്ചത്. ആദ്യ ഗെയിം 16 മിനുട്ടുകൾക്കുള്ളിൽ സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിലും എതിരാളിയെ മുന്നേറാൻ അനുവദിക്കാതെ മൂന്നാം ഫൈനലിൽ കന്നിക്കിരീടം ഉറപ്പിക്കുകയായിരുന്നു.
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here