കോലി വായിക്കുന്ന പുസ്തകം ‘നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാം’; ചിത്രം വൈറൽ

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ് പരമ്പര പുരോഗമിക്കുകയാണ്. പരമ്പരയ്ക്കിടെ ഒരു പുസ്തകം വായിക്കുന്ന നായകൻ വിരാട് കോലിയുടെ ചിത്രം ട്വിറ്ററിൽ വൈറലാവുകയാണ്. പുസ്തകം ഏതാണെന്നറിയുമ്പോഴാണ് രസം. സ്റ്റീവൻ സിൽവസ്റ്റർ എഴുതിയ ‘ഡീറ്റോക്സ് യുവർ ഈഗോ’ അഥവാ ‘നിങ്ങളുടെ അഹംഭാവം/അഹങ്കാരം ഒഴിവാക്കാം’. എന്തായിരിക്കും കോലി ഈ പുസ്തകം വായിക്കുന്നതെന്നുള്ള ചർച്ചയിലാണ് ട്വിറ്റർ ലോകം.
അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാർഗങ്ങളാണ് പുസ്തകത്തിലൂടെ സിൽവസ്റ്റർ പറയുന്നത്. സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഇന്ത്യൻ ടീമിൻ്റെ നായകനുമൊക്കെയായ കോലി ഇനിയെന്ത് വിജയമാണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. കുടുംബജീവിതവും വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന കോലി ഇപ്പോഴും സന്തോഷവാനല്ലേ എന്നും ട്വിറ്റർ ലോകം ചോദിക്കുന്നു.
അതേ സമയം, രോഹിത് ശർമ വിഷയത്തിൽ തൻ്റെ ഈഗോയാണ് പ്രശ്നം എന്ന് കോലി കരുതുന്നുണ്ടാവാമെന്നാണ് മറ്റു ചിലർ പറയുന്നത്. അതുകൊണ്ടാവാം അദ്ദേഹം ആ പുസ്തകം വായിക്കുന്നതെന്നും രോഹിതുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവാം എന്നുമാണ് ചിലരുടെ അഭിപ്രായം.
കഴിഞ്ഞ ലോകകപ്പോടെയാണ് ടീമിൻ്റെ നായകനും ഉപനായകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ടീമിൽ കോലി-ശാസ്ത്രി കൂട്ടുകെട്ട് ഉണ്ടെന്നും അവർക്ക് താത്പര്യമുള്ളവരെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നാരോപിച്ച് രോഹിതുൾപ്പെടെയുള്ള ചില ടീം അംഗങ്ങൾ അതൃപ്തരാണെന്നും വാർത്തകൾ വന്നു. കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്തും പ്രകോപനപരമായ ട്വീറ്റ് ഇട്ടും രോഹിത് ഈ അഭ്യൂഹങ്ങൾക്ക് എരിവു പകർന്നു. രോഹിതുമായി പ്രശ്നമൊന്നും ഇല്ലെന്ന് കോലി തന്നെ അറിയിച്ചിട്ടും വിവദങ്ങൾക്ക് ശമനമുണ്ടായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here