ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതായി പരാതി; പയ്യന്നൂരിലെ ഹോട്ടൽ പൂട്ടിച്ചു

ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. പയ്യന്നൂരിലാണ് സംഭവം. മാടക്കാൽ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപെത്ത ഡ്രീം ഡെസേർട്ടിൽ നിന്നാണ് സുകുമാരൻ ഷവർമയും കുബൂസും പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിന് ശേഷം തലചുറ്റലും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞതായി സുകുമാരൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് പയ്യന്നൂരിലെ ഹോട്ടൽ നഗരസഭാ അധികൃതർ പൂട്ടിച്ചു. 10000 രൂപ പിഴ ഈടാക്കികയും ചെയ്തു. ഭക്ഷണശാലയുടെ ലൈസൻസ് നിർത്തലാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു. ഇത്തരം ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭയും വ്യക്തമാക്കി. പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമയ്ക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചല്ല ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേ ദിവസം ഡ്രീം ഡെസേർട്ടിൽ നിന്നും ഷവർമ കഴിച്ച ആരും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ലെന്നും മറ്റെവിടെ നിന്നെങ്കിലുമാകാം കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top